കോഴിക്കോട് മുറിയെടുത്തു നിന്ന പ്രതികൾ പൊലീസ് പിടിയിൽ
ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ചാണ് മുസമിൽ ബെംഗളൂരുവിൽ ജീവിച്ചിരുന്നത്
കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിമരുന്ന് വിൽപന നടത്താനായി വന്ന രണ്ട് പേർ പൊലീസ് പിടിയിൽ. കാരന്തൂരിലെ ഹോട്ടൽ മുറിയിൽനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കാസർകോട് സ്വദേശി മഞ്ചേശ്വരം ബായാർ പദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27,) കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ പി എൻ അഭിനവ് (24) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നു എംഡിഎംഎ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണികളിൽപ്പെട്ടവരാണ് പിടിയിലായ മുസമിൽ.
അഭിനവിനെ ലഹരി കച്ചവടത്തിൽ പങ്കാളിയാക്കാനും തുടർന്ന് പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് കച്ചവടം വ്യാപിപ്പിക്കാനുമാണ് മുസമിൽ ഹോട്ടലിൽ മുറിയെടുത്തത്. പിടിക്കപ്പെടാതിരിക്കാൻ വാട്സാപ്പിലൂടെ മാത്രമായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നത്. ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ചാണ് മുസമിൽ ബെംഗളൂരുവിൽ ജീവിച്ചിരുന്നത്. പിടിയിലായ മുസമിലിന്റെ പേരിൽ മഞ്ചേശ്വരത്ത് മോഷണ കേസുകളും, ആന്ധ്രപ്രദേശിൽ കഞ്ചാവ് കേസുമുണ്ട്