പയ്യന്നൂര്‍: പ്രതിരോധ കുത്തിവെപ്പെടുത്ത നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തു.കുട്ടിയെ ചികിത്സിച്ച പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസ്.
ചികിത്സയിലെ ഗുരുതര പിഴവ് ആരോപിച്ച് നേത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 25 ദിവസം പ്രായമുള്ള കുട്ടിയുടെ തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് 3.7 സെന്റീമീറ്റര്‍ നീളമുള്ള സൂചി പുറത്തെടുത്തത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാവിലെയാണ് പെരിങ്ങോം സ്വദേശിയായ പിതാവ് താഴത്തെ വീട്ടില്‍ ടിവി ശ്രീജു പരാതി നല്‍കിയത്.
ഡിസംബര്‍ 22നാണ് കുട്ടിയുടെ മാതാവിനെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24ന് ജനിച്ച പെണ്‍കുട്ടിക്ക് രണ്ടാം ദിവസം നല്‍കിയ കുത്തിവെപ്പിനു ശേഷമാണ് അസ്വസ്ഥത തുടങ്ങിയതെന്നും രണ്ടുതവണ മെഡിക്കല്‍ കോളജില്‍ തന്നെ കാണിച്ചിട്ടും തുടയിലെ പഴുപ്പ് കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെന്നും കുടുംബം പറയുന്നു.