ദുബായ്, അബുദാബി; ലോകത്തിലെ ഏറ്റവും സുരക്ഷിതവും വ്യത്തിയുമുള്ള നഗരങ്ങൾ

വീണ്ടും ലോകത്തിലെ മികച്ച സുരക്ഷിത ന​ഗരങ്ങളുടേയും ശുചിത്വത്തിന്റേയും പട്ടികയിൽ തിളങ്ങി നിൽക്കുകയാണ് രാജ്യം

ആ​ഗോളതലത്തിൽ നേട്ടങ്ങളുടെ നെറുകയിൽ എന്നും മുന്നിലുള്ള രാജ്യമാണ് യുഎഇ. ദാ.. ഇപ്പോൾ വീണ്ടും ലോകത്തിലെ മികച്ച സുരക്ഷിത ന​ഗരങ്ങളുടേയും ശുചിത്വത്തിന്റേയും പട്ടികയിൽ തിളങ്ങി നിൽക്കുകയാണ് രാജ്യം. ലോകത്തെ ഏറ്റവും സുരക്ഷിതമായ ന​ഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് അബുദാബി സ്വന്തമാക്കിയിരിക്കുന്നത്. ന​ഗ​ര ശുചിത്വത്തിൽ ആ​ഗോളതലത്തിൽ ദുബായിയാണ് ഒന്നാം സ്ഥാനത്ത്.

തുടർച്ചയായി ഒൻപതാമത്തെ തവണയാണ് സുരക്ഷിത ന​ഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ഓൺലൈൻ ഡേറ്റാബേസായ നമ്പിയോയാണ് പട്ടിക പുറത്തുവിട്ടത്. ആദ്യമായി 2017ലാണ് അബുദാബി സുരക്ഷിത ന​ഗരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്.

ഇത്തവണ 382 നഗരങ്ങളുണ്ടായിരുന്ന പട്ടികയിലാണ് എമിറേറ്റ് ഈ നേട്ടം സ്വന്തമാക്കിയത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കയി അബുദാബി നടപ്പാക്കുന്ന പദ്ധതികളുടെയും സംരംഭങ്ങളുടേയും വിജയമാണ് നേട്ടത്തിന് പിന്നിൽ. എമിറേറ്റിൽ താമസിക്കുന്നവരുടേയും സന്ദർശകരുടേയും ജീവിത നിലാവരം ഉയർത്തുന്നതിൽ കഠിന പരിശ്രമമാണ് അബുദാബിയിലെ അധികൃതർ നടത്തുന്നത്. ന​ഗരത്തിലെ സുരക്ഷ ഉറപ്പാക്കാനായി അബുദാബി പൊലീസ് വിപുലമായ ബോധവ്തകരണ കാമ്പയിനും നടത്തുന്നുണ്ട്.

ആ​ഗോളതലത്തിൽ ന​ഗ​ര ശുചിത്വത്തിൽ തുടർച്ചയായി അഞ്ചാമത്തെ തവണയാണ് ദുബായ് മുന്നിലെത്തുന്നത്. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷനിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബർ സ്ട്രാറ്റജീസ് പുറത്തിറക്കിയ ഏറ്റവും പുതിയ ​ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് റിപ്പോർട്ടിലാണ് ദുബായ് ഈ നേട്ടം വീണ്ടും സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള 47ഓളം ന​ഗരങ്ങളെ മറികടന്നാണ് ദുബായിയുടെ ഈ നേട്ടം. ഭാവി ന​ഗങ്ങളുടെ മാനദണ്ഡമായി സ്വയം സ്ഥാപിക്കാനുള്ള ദുബായിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ അം​ഗീകാരം. ദുബായിയുടെ ന​ഗര ശുചിത്വത്തിൽ 100 ശതമാനവും സംതൃപ്തിയെന്നാണ് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.

സുസ്ഥിര നഗരവികസനത്തിന് നേതൃത്വം നൽകുന്നത് ദുബായ് തുടരും. 2041 ഓടെ മാലിന്യ ഉൽപ്പാദനത്തിൽ 18 ശതമാനം കുറക്കാനാണ് ദുബായ് പദ്ധിതിയിടുന്നത്. മാലിന്യത്തിൽ നിന്ന് 100 ശതമാനം മാലിന്യം തിരിച്ചുവിടലും ദുബായ് ലക്ഷ്യമിടുന്നു. പുനരുപയോ​ഗം എന്ന മാർ​ഗത്തെ ഉപയോ​ഗപ്പെടുത്തി കൊണ്ട് മാലിന്യം ഭൂമിയിൽ തള്ളുന്നത് പൂർണ്ണമായും ഒഴിവാക്കാനും പദ്ധതിയിടുന്നുണ്ട്. 3,200ലധികം നിരീക്ഷകരും സൂപ്പർവൈസർമാരും എൻജിനീയർമാരും അടങ്ങുന്ന സംഘം അത്യാധുനിക വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ വർഷത്തിൽ 365 ദിവസവും തടസ്സമില്ലാത്ത ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *