ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം നടത്താൻ മെൻസ് അസോസിയേഷൻ; ഉദ്ഘാടകൻ രാഹുൽഈശ്വർ

തിരുവനന്തപുരം:
വിധിയെ എതിര്‍ത്ത
ജസ്റ്റിസ് കമാല്‍ പാഷക്കെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ). നാളെ രാവിലെ 11.30ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന പരിപാടിയില്‍ രാഹുല്‍ ഈശ്വറായിരിക്കും ഉദ്ഘാടകന്‍. അതേസമയം വിധിയെ എതിര്‍ത്ത ജസ്റ്റിസ് കമാല്‍ പാഷക്കെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

എട്ടുമാസത്തിനിടെ നാലാമത്തെ കുറ്റവാളിക്കാണ് എഎം ബഷീർ വധശിക്ഷ വിധിക്കുന്നത്.2024 മേയിൽ സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ റഫീക്ക ബീവിക്ക് എതിരായ കേസിലാണ് എഎം ബഷീർ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്.

ഒന്നാം പ്രതിയായ റഫീക്ക, വള്ളിക്കുന്നത്ത് വീട്ടില്‍ അല്‍ അമീന്‍, റഫീക്കയുടെ മകന്‍ ഷെഫീക്ക് എന്നിവ‍‍രെ കൂട്ടുപ്രതികളാക്കിയാണ് എഎം ബഷീർ വധ ശിക്ഷയ്ക്ക് വിധിച്ചത്. ഒരു കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച കേരളത്തിലെ ഏക കേസ് കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ഗ്രീഷ്മ കൂടിയായതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലില്‍ കഴിയുന്ന രണ്ടു സ്ത്രീകള്‍ക്കും ശിക്ഷ വിധിച്ചത് ഒരേ ജഡ്ജിയെന്ന പ്രത്യേകതയുമുണ്ട്.

ന്യായാധിപന്‍ എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തനാണ് എ എം ബഷീര്‍. നിരവധി നോവലുകളുടേയും കഥാ സമാഹാരങ്ങളുടെയും സഞ്ചാര സാഹിത്യ കൃതികളുടെയും രചയിതാവാണ്. നോവലുകളായ തെമിസ്, ഉറുപ്പ, പച്ച മനുഷ്യന്‍, റയട്ട് വിഡോസ്, കഥാസമാഹാരമായ ഒരു പോരാളി ജനിക്കുന്നു, സഞ്ചാര സാഹിത്യകൃതിയായ ജംറയും ഇദ്ദേഹത്തിന്റേതായുണ്ട്. ‘ജെ’ കേസ് എന്ന കേസ് സ്റ്റഡിയും പ്രസിദ്ധീകരിച്ചു.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണ്. അഭിഭാഷകനായിരിക്കെ 2002ല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം കോടതികളില്‍ ജോലി ചെയ്തു. ജില്ലാ ജഡ്ജിയായി തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള നിയമസഭാ സെക്രട്ടറിയായിരിക്കെയാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് ജഡ്ജ് ആയി നിയമിതനായത്.

അതേസമയം വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മെറിറ്റ് നോക്കിയല്ല വിധിയെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് സെഷന്‍സ് കോടതി നടത്തിയതെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *