പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ച ഫൂൾ; ചിരിപ്പിച്ച് ഡൊമിനിക്കിലെ ഷൈനിന്റെ ക്യാരക്ടർ പോസ്റ്റർ

ബൈക്ക് റേസർ, വയസ് 32 , റൺസ് ഫാസ്റ്റ്, പാർട്ടി കിടുവാ എന്നൊക്കെയുള്ള രസകരമായ കുറിപ്പുകളും പോസ്റ്ററിൽ കാണാം

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

നടൻ ഷൈൻ ടോം ചാക്കോ ഡൊമിനിക്കില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആൽബി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഷൈനിന്റെ ക്യാരക്റ്റർ പോസ്റ്റർ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ഡയറിയിൽ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന്‌ ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങൾ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം പുറത്തിറക്കിയിരിക്കുന്നത്. ഷെെനിന്‍റെ പോസ്റ്ററും ഈ രീതിയിലാണ്. പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവൻ ഫൂൾ എന്നാണ് പോസ്റ്ററിൽ ഷൈനിന്റെ ഫോട്ടോക്ക് താഴെ എഴുതിയിരിക്കുന്നത്. ബൈക്ക് റേസർ, വയസ് 32 , റൺസ് ഫാസ്റ്റ്, പാർട്ടി കിടുവാ എന്നൊക്കെയുള്ള രസകരമായ കുറിപ്പുകളും പോസ്റ്ററിൽ കാണാം. ചിത്രത്തിന്‍റെ മുന്‍പ് വന്ന പോസ്റ്ററുകളും ഇത്തരത്തില്‍ ചിരി പടര്‍ത്തുന്നതായിരുന്നു.

വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കാണാതായ ഒരു പേഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Leave a Reply

Your email address will not be published. Required fields are marked *