വയനാട് ദുരന്തം; കാണാതായവരുടെ പട്ടികയ്ക്ക് അംഗീകാരം, മരിച്ചവരായി കണക്കാക്കി രജിസ്റ്റർ ചെയ്യാം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് കാണാതായവരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. കാണാതായ 32 പേരുടെ പട്ടികയാണ് പ്രാദേശികതല സമിതി അംഗീകരിച്ചത്. വിശദപരിശോധനയ്ക്കായി പട്ടിക സംസ്ഥാനതല സമിതിക്ക് കൈമാറി. പട്ടികയിലുള്ളവരെ മരിച്ചവരായി കണക്കാക്കുമെന്ന് സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികളും രൂപീകരിച്ചിട്ടുണ്ട്.

ദുരന്തത്തിനിരയായവരുടെ 231 മൃതദേഹങ്ങളും 223 മൃതദേഹഭാഗങ്ങളുമടക്കം 454 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരിമല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയ്യാറാക്കിയ പട്ടികയാണ് ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.പട്ടിക ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യൂ-ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പിൽ സെക്രട്ടറി എന്നിവരടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. സംസ്ഥാന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കാണാതായവരെ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുക.ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും കാണാതായവരുടെ ബന്ധുക്കൾക്കും നൽകും. ഇവരുടെ മരണ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും സർക്കാർ ആരംഭിച്ചതായാണ് വിവരം. മരണസർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.ദിവസങ്ങൾക്ക് മുമ്പാണ് വയനാട് ഉരുൾപൊട്ടൽ അതീതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിന്റെ നിരന്തരമായുള്ള അഭ്യർത്ഥനയ്‌ക്ക് പിന്നാലെയാണ് കേന്ദ്രം അംഗീകാരം നൽകിയത്. എന്നാൽ, കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുന്നതിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ കത്തിൽ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *