നിര്‍ണായക ഉത്തരവുകളില്‍ ഒപ്പുവച്ച്‌ ട്രംപ്

അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിന് പിന്നാലെ നിർണായക ഉത്തരുവകളില്‍ ഒപ്പുവച്ച്‌ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്.

മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനല്‍ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു. യുഎസില്‍ ജനിച്ച ആർക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു.

കാപിറ്റോള്‍ ഹില്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഏകദേശം 1500 പേർക്ക് ട്രംപ് മാപ്പ് നല്‍കി. 2021-ലെ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ അദ്ദേഹം നീതിന്യായ വകുപ്പിന് നിർദേശം നല്‍കി. തടവിലാക്കപ്പെട്ടവരില്‍ ചിലർ തിങ്കളാഴ്ച രാത്രി മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഞായറാഴ്ച യുഎസില്‍ അടച്ചുപൂട്ടാനിരുന്ന വീഡിയോ ആപ്പായ ടിക്ടോക്കിെൻറ നിരോധനം ട്രംപ് വൈകിപ്പിച്ചിട്ടുണ്ട്. 75 ദിവസത്തേക്ക് കേസില്‍ നടപടിയെടുക്കരുതെന്ന് അദ്ദേഹം അറ്റോർണി ജനറലിനോട് ഉത്തരവിട്ടു.

ഊർജ്ജ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണാണ് മറ്റൊന്ന്. എണ്ണ ഖനനം ചെയ്യാനായി ആർട്ടിക് തുറക്കുമെന്നും ആഭ്യന്തര ഊർജ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉടമ്ബടിയില്‍നിന്ന് പിൻമാറിയും നിയന്ത്രണം കുറയ്ക്കുകയും ചെയ്തുകൊണ്ട് ഊർജ്ജ ഉല്‍പ്പാദനം പരമാവധിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ, പുരുഷൻ എന്നീ രണ്ട് ലിംഗങ്ങളെ മാത്രമേ യുഎസ് സർക്കാർ അംഗീകരിക്കൂവെന്നും ട്രംപ് പറഞ്ഞു. ഇതിന് വിഭിന്നമായിക്കൊണ്ടുള്ള മുൻ പ്രസിഡൻറ് ബൈഡെൻറ ഉത്തരവുകളും അദ്ദേഹം റദ്ദാക്കി.

ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്മാറുന്നതാണ് മറ്റൊരു സുപ്രധാന ഉത്തരവ്. കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും ആഗോള ആരോഗ്യ ഏജൻസി തെറ്റായി കൈകാര്യം ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് ഈ നീക്കമെന്ന് ഉത്തരവില്‍ പറയുന്നു.

പുതിയ വിദേശ വികസന സഹായങ്ങളും താല്‍ക്കാലികമായി നിർത്താൻ തീരുമാനിച്ചു. അവലോകനം ചെയ്ത് തീർപ്പാക്കും വരെ പുതിയ വിദേശ വികസന സഹായങ്ങളും വിതരണങ്ങളും 90 ദിവസത്തേക്കാണ് നിർത്തിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *