ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍ നേരുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.
‘അമേരിക്കയുടെ 47ാമത് പ്രസിഡന്റെന്ന ചരിത്രപരമായ സ്ഥാനാരോഹണ വേളയില്‍ എന്റെ പ്രിയപ്പെട്ട പ്രസിഡന്റ് സുഹൃത്തിന് അഭിനന്ദനങ്ങള്‍. നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കും പ്രയോജനമുണ്ടാകുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കല്‍ കൂടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍’, അദ്ദേഹം കുറിച്ചു.
ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവനോവ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടക്കമുള്ളവര്‍ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു
‘അമേരിക്കയിൽ ഇനി സ്ത്രീയും പുരുഷനും മാത്രം’; അധികാരമേറിയതിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്
അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങിയെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുക. അമേരിക്ക ആദ്യമെന്ന നയത്തിന് തന്നെ പ്രാമുഖ്യം നല്‍കും. നീതിയുക്തമായ ഭരണം ഉറപ്പാക്കും. അമേരിക്കയെ മഹത്തരമാക്കുമെന്നും ട്രംപ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് ട്രംപ് നന്ദി പറയുകയും ചെയ്തു.
ജെന്‍ഡര്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനങ്ങളും ട്രംപ് നടത്തി. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് ട്രംപ് പറഞ്ഞു. മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തിരിച്ചടി നല്‍കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.
അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന് വലിയ കയ്യടിയാണ് വേദിയില്‍ നിന്ന് ലഭിച്ചത്. മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കും. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഏറെ നിര്‍ണായകമാകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.