അധ്യാപകരുടേയും ജീവനക്കാരുടേയും പണിമുടക്ക്; 22 ന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്ക് നടത്തുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ), ഭരണകക്ഷിയിലെ സി പി ഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ്‌നോണായി കണക്കാക്കുന്നതാണ്. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍നിന്ന് കുറവു ചെയ്യും. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. പണിമുടക്കു ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താല്‍ക്കാലിക ജീവനക്കാരെ സര്‍വ്വീസില്‍നിന്ന് നീക്കം ചെയ്യുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.
അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അത്യാവശ്യ സാഹചര്യങ്ങളിലൊഴികെ ജനുവരി 22ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട വകുപ്പ് മേധാവി അല്ലെങ്കില്‍ ഓഫീസ് മേധാവി തങ്ങളുടെ ഓഫീസിന്റെയും പ്രവേശനകവാടത്തിന്റെയും താക്കോല്‍ സ്വന്തം കൈവശം സൂക്ഷിക്കേണ്ടതും പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് നേരത്തെതന്നെ ഓഫീസില്‍ പ്രവേശിക്കാന്‍ ഓഫീസ് തുറന്നുകൊടുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്.
ക്ഷാമബത്ത, ശമ്പള പരിഷ്‌കരണം, ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശ്ശിക, പ്രഖ്യാപിച്ച ഡിഎയുടെ 78 മാസത്തെ കുടിശ്ശിക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *