ഒരു പ്രകോപനവും ഷാരോണിൽ നിന്ന് ഉണ്ടായില്ല, സ്നേഹിക്കുകയും വിശ്വസിക്കുകയും മാത്രം ചെയ്തു, അപൂർവങ്ങളിൽ അപൂർവ്വം ഗ്രീഷ്മയുടെ ചെയ്തി. തൂക്കുകയർ കോടതി വിധിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച്‌ കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തിയിരുന്നു.

പൊലീസിന് അഭിമാനിക്കാം.

വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിന് പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി അറിയിച്ചു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്.

മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല.

പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ല. കൊല്ലപ്പെട്ട ഷാരോണിനും സമാന പ്രായമാണ് എന്നത് കണക്കിലെടുത്താണിത്. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.

ഗ്രീഷ്മയെ നിയമനടപടിക്ക് വിധേയമാക്കരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചു

അഗാധമായ പ്രണമായിരുന്നു ഷാരോണിന്. 11 ദിവസം ഷാരോണിന് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗ്രീഷ്മയെ അവിശ്വസിച്ചില്ല. ഗ്രീഷ്മയെ നിയമനടപടിക്ക് വിധേയമാക്കരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചു. വാവേ എന്നാണ് വിളിച്ചിരുന്നത്. ഷാരോണുമായി ബന്ധം നിലനില്‍ക്കെ പ്രതിശ്രുത വരനുമായി ഗ്രീഷ്മ നല്ല ബന്ധം വെച്ചിരുന്നുവെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.

സമൂഹത്തിന് ഇത് നല്‍കുന്നത് മികച്ച സന്ദേശമല്ല.

ഷാരോണ്‍ ഗ്രീഷ്മയെ സംഭവ ദിവസം മർദിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ലെന്നും വിധി പ്രസ്താവത്തില്‍ പരാമർശിച്ചിരുന്നു. പ്രതിഭാഗം തള്ളുന്ന പ്രസ്താവമാണിത്. പിടിക്കപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ ഗ്രീഷ്മ കൗശലം ഇറക്കി. പല കള്ളങ്ങള്‍ പറഞ്ഞു. കൊലപാതക പ്ലാന്‍ ഷാരോണിന് അറിയില്ലായിരുന്നു. സ്‌നേഹിക്കുന്ന ഒരാളെ ചതിച്ചു. സമൂഹത്തിന് ഇത് നല്‍കുന്നത് മികച്ച സന്ദേശമല്ല. ഇര നിഷ്കളങ്കനാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *