രണ്ട് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ; കെട്ടിവെക്കേണ്ടത് ലക്ഷങ്ങൾ; നിയമപരമായ പരിശോധന നടത്തിയ ശേഷമാണ് ആർബിഐ ബാങ്കുകൾക്ക് പിഴ ചുമത്തിയത്.

ദില്ലി: മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രണ്ട് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. കെവൈസിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാത്തതും ലോൺ അംഗീകാരങ്ങൾ നൽകുന്നതിലെ വീഴ്ചയും ഫണ്ട് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിച്ചതുമാണ് ആർബിഐ നടപടിയെടുക്കാൻ കാരണം. നിയമപരമായ പരിശോധന നടത്തിയ ശേഷമാണ് ആർബിഐ ബാങ്കുകൾക്ക് പിഴ ചുമത്തിയത്.

ആർബിഐ പിഴ ചുമത്തിയ ബാങ്കുകൾ

  1. മുക്കുപ്പേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ് – തമിഴ്നാട്

ഓഡിറ്റ് നടത്തുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതിനെ തുടർന്നാണ് ആർബിഐ മുക്കുപ്പേരി സഹകരണ ബാങ്കിന് പിഴ ചുമത്തിയത്. 1.75 ലക്ഷം രൂപയാണ് ബാങ്ക് കെട്ടിവെക്കേണ്ടത്. ആർബിഐ പറഞ്ഞ പരിധിക്കുള്ളിൽ ഉപഭോക്താക്കളുടെ കെവൈസി, സെൻട്രൽ കെവൈസി രജിസ്ട്രിയിലേക്ക് ബാങ്ക് അപ്‌ലോഡ് ചെയ്തില്ല എന്ന പിഴവും ആർബിഐ ചൂണ്ടിക്കാട്ടി.

  1. പർഭാനി ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് ലിമിറ്റഡ് (മഹാരാഷ്ട്ര)

നിശ്ചിത സമയപരിധിക്കുള്ളിൽ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് അർഹമായ തുക കൈമാറുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. കൂടാതെ, ബാങ്കിന്റെ ഡയറക്ടർമാരുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകൾ കൃത്യമായി വിലയിരുത്തുകയോ അംഗീകരിക്കുകയോ ചെയ്തില്ല. ഇതിനു ആർബിഐ 5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

രണ്ട് ബാങ്കുകളുടെയും സാമ്പത്തിക സ്ഥിതി വിശദമായി പരിശോധിച്ച ശേഷം ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി പരിഗണിച്ച ശേഷമാണ് ആർബിഐ പിഴ ചുമത്തിയത്.

അതേസമയം, ഈ ബാങ്കുകൾക്കെതിരായ നടപടി ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ആർബിഐ അറിയിച്ചു. ബാങ്കുകളുടെ ഇടപടുകാരെ ഒരു തരത്തിലും ഈ നടപടി ബാധിക്കില്ല ആർബിഐ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *