ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുകയാണെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. രാഹുലിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടി. മോൻജിത് ചോട്യ എന്നയാളുടെ പരാതിയിൽ അസമിലെ ഗുവാഹത്തിയിലുള്ള പാൻ ബസാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്
അശാന്തിയും വിഘടനവാദവും ഉണർത്താൻ കഴിയുന്ന രീതിയിൽ അപകടകരമായ ആഖ്യാനം സൃഷ്ടിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഭാരതീയ ന്യായസംഹിത 152, 197 (1) വകുപ്പുകൾ പ്രകാരമാണ് കേസ്.
ഭാരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് ഈ പരാമർശത്തിലൂടെ നടത്തിയിരിക്കുന്നതെന്നും തിരഞ്ഞെടുപ്പുകളിൽ നിരന്തരം പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുലിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുന്നുവെന്നും പൊതുക്രമത്തിനും ദേശീയ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.ജനുവരി 26ന് ഡൽഹിയിൽ കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു രാഹുലിന്റെ വിവാദപരാമർശം. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോൾ ഞങ്ങൾ ബി.ജെ.പിയുമായും ആർ.എസ്,എസുമായും ഇന്ത്യൻ ഭരണകൂടവുമായും പോരാടുകയാമെന്നുമായിരുന്നു രാഹുലിന്റെ പരാമർശം..