ജമ്മു കശ്മീരിൽ അജ്ഞാത രോഗം;

മരിച്ചവരിൽ മാരക വിഷ പദാർഥം കണ്ടെത്തി
രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെയും മരിച്ചവരുടെയും ശരീരത്തിൽ, നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരക വിഷ പദാർഥം (ന്യൂറോടോക്സിൻസ്) കണ്ടെത്തിയിട്ടുണ്ട്

ശ്രീനഗർ: പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന്, ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ അജ്ഞാത രോഗം പടരുന്നു. ഒന്നര മാസത്തിനിടെ പതിനാറു പേരാണ് രോഗം ബാധിച്ചു മരിച്ചത്.

രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെയും മരിച്ചവരുടെയും ശരീരത്തിൽ, നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരക വിഷ പദാർഥം (ന്യൂറോടോക്സിൻസ്) കണ്ടെത്തിയിട്ടുണ്ട്. രജൗരിയിലെ ബുധാൽ ഗ്രാമത്തിൽ മാത്രമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ സൈന്യത്തെ വിന്യസിച്ചു.

കഴിഞ്ഞ മാസമാണ് ഇവിടെ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. അന്ന് സമൂഹ സത്കാരത്തിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ടു പേരുടെ ജീവൻ മാത്രമേ രക്ഷിക്കാനായുള്ളൂ.

അഞ്ച് ദിവസത്തെ ഇടവേളയിൽ മറ്റൊരു കുടുംബത്തിലെ ഒമ്പത് പേർക്ക് രോഗം ബാധിക്കുകയും ഇതിൽ മൂന്നു പേർ മരിക്കുകയും ചെയ്തു. പിന്നീട് പത്തംഗ കുടുംബത്തിൽ റിപ്പോർട്ട് ചെയ്ത രോഗബാധയിലും ഒരാൾ മരിച്ചു.

ഇതെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക വിദ‌ഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് കൂടാതെ, കൃഷി, രാസവളം, ജലവിഭവകാര്യം എന്നീ വകുപ്പുകളിൽനിന്നുള്ള വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഘം രൂപീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉന്നതതല യോഗവും വിളിച്ചുചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *