പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കിടെ തീപിടിത്തം. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടർ 19-ലാണ് തീപിടിത്തമുണ്ടായത്. നിരവധി ടെന്റുകൾ കത്തിനശിച്ചു. അഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് തീ വ്യാപകമായി പടർന്നുപിടിച്ചതെന്നാണ് സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തിയിട്ടുണ്ട്ടെന്റ് സിറ്റിയിൽ പാർപ്പിച്ചിരുന്ന ആളുകളെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. പൊലീസിന്റെയും അഗ്നിശമനസേനാംഗങ്ങളുടെയും സമയോചിതമായി ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. തീ ശ്രദ്ധയിൽപ്പെട്ടതോടെ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് തീനിയന്ത്രണ വിധേയമാക്കിയത്.
തീപടരാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുംഭമേളയ്‌ക്കെത്തിയ തീർത്ഥാടകർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്.