ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭീമമായ കടബാദ്ധ്യത ഇപ്പോൾ തന്നെ പാകിസ്ഥാനുണ്ട്. അതിജീവനത്തിനായി ചെെന, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് വായ്പയെടുക്കാറാണ് പതിവ്. എന്നാൽ ഈ കടം തിരിച്ചടയ്ക്കാൻ പാകിസ്ഥാന് കഴിയാറില്ല. ഇപ്പോഴിതാ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന്റെ സാമ്പത്തിക വളർച്ചയെ മൂന്ന് ശതമാനമായി താഴ്ത്തിയിരിക്കുകയാണ്.
3.5 ശതമാനമായിരുന്നു മുൻപ്. പാകിസ്ഥാന്റെ നിലവിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.
അതേസമയം, ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനമായി കണക്കാക്കുകയാണ് ഐഎംഎഫ്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് ശക്തമായ സാമ്പത്തിക വളർച്ചയുണ്ടെന്നാണ് വിലയിരുത്തൽ. 2025ലും 2026ലും ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുമ്പോൾ ലോകബാങ്ക് ഇത് 6.7 ശതമാനമായി കണക്കാക്കുന്നു.ഇന്ത്യയ്ക്ക് വരും വർഷങ്ങളിൽ വലിയ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ഐഎംഎഫ് പ്രതീക്ഷ. ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചറിന്റെ വളർച്ച, നികുതി പരിഷ്കരണങ്ങൾ എന്നിവ ഉൾപ്പടെ സേവന നിർമ്മാണ മേഖലകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് മോദി സർക്കാർ കൊണ്ടുവന്ന പുത്തൻ സംരംഭങ്ങളാണ് ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്.പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നാണ് ഐഎംഎഫും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും (എഡിപി) പറയുന്നത്. 2026ൽ പാകിസ്ഥാന്റെ ജിഡിപി വളർച്ചാ നിരക്ക് നാല് ശതമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം, സാമ്പത്തിക അസ്ഥിരത, കാര്യക്ഷമമല്ലാത്ത വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവയാണ് പാകിസ്ഥാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പ്രധാന കാരണം.