തിങ്കളാഴ്ച മുതല്‍ സ്വര്‍ണത്തിനും വിലപിടിപ്പുള്ള മറ്റു രത്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ പുനഃസ്ഥാപിക്കും. സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് തിങ്കളാഴ്ച മുതല്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്. സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലമാണ് ജനുവരി ഒന്നു മുതല്‍ ഇത് നടപ്പാക്കാതിരുന്നത്. ജനുവരി ഒമ്പതിന് ജിഎസ്ടി കമ്മീഷ്ണര്‍ അജിത് പാട്ടീല്‍ നടപടി മരവിപ്പിച്ചതായി ഉത്തരവിട്ടിരുന്നു. പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
നാളെ മുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ വില്‍പ്പന, ജോബ് വര്‍ക്ക്, സ്റ്റോക്ക് മാറ്റം, പ്രദര്‍ശനം തുടങ്ങിയവയ്ക്കായി വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇ- വേ ബില്‍ എടുക്കണം. കഴിഞ്ഞ ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് ആദ്യം പുറത്തിറക്കിയത്.
ജിഎസ്ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷമാണ് ജിഎസ്ടി കൗണ്‍സിലില്‍ കേരളം ഉന്നയിച്ചത്. നേരത്തെ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണത്തിന് ബില്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വ്യാപാരികളും സംഘടനകളും നടത്തിയ തുടര്‍ ചര്‍ച്ചകളെ തുടര്‍ന്നാണ് പത്തുലക്ഷം പരിധിയില്‍ എത്തിയത്.