മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമലയിൽ ഇന്ന് വലിയ ​ഗുരുതി; തിരുനട നാളെ അടയ്‌ക്കും

മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് വലിയ ​ഗുരുതി. നട അടച്ചതിന് ശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയുടെ സാന്നിധ്യത്തിലാകും വലിയ ഗുരുതി നടക്കുക.

നാളെ രാജപ്രതിനിധിക്ക് മാത്രമാണ് സന്നിധാനത്ത് ദർശനം. രാവിലെ 5-ന് നടതുറക്കും. തുടർന്ന് കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടക്കും. പിന്നാലെ രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തും. അദ്ദേഹം മടങ്ങിയ ശേഷം മേൽശാന്തി അയ്യപ്പനെ ഭസ്മാവിഭൂഷിതനാക്കി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ച് യോഗനിദ്യ‌യിലാക്കും. ഹരിവരാസനം പാടി ശ്രീലകത്തെ വിളക്കുകളണച്ച് മേൽശാന്തി പിന്നോട്ട് ചുവടുവച്ച് പുറത്തിറങ്ങി ശ്രീകോവിൽ നടയടയ്‌ക്കും.
തുടർന്ന് താക്കോൽക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനിൽക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേൽശാന്തിക്ക് തിരികെ നൽകും. തുടർന്നുള്ള ഒരു വർഷത്തെ പൂജകൾ നടത്താൻ അദ്ദേഹം നിർദ്ദേശിക്കും. തുടർന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *