തൃശൂര്‍ : വിസ തട്ടിപ്പു കേസില്‍ ഒരു യുവതി ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റിലായി. യു.കെ യിലേക്ക് തൊഴില്‍ വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവാവില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ടു പേര് അറസ്റ്റിലായത്. പുത്തന്‍ചിറ സ്വദേശിനി പൂതോളി പറമ്പില്‍ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരെയാണ് പോലീസ് പിടി കൂടിയത്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി സുരേഷും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഏറെ നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പൊലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. 2023 ആഗസ്റ്റ് മുതല്‍ 2024 ജനുവരി വരെയുള്ള സമയങ്ങളില്‍ പല തവണയായി ആണ് ലക്ഷങ്ങള്‍ ഇവര്‍ കൈക്കലാക്കിയത്.
ഇതില്‍ 128400 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനില്‍ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിര്‍ദ്ദേശപ്രകാരം വേറെ അക്കൗണ്ടികളിലേക്കും പണം നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ സജിത്തിനും രണ്ടും കൂട്ടു കാര്‍ക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവര്‍ കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു