കലാമണ്ഡലത്തിലെ ആദ്യ പുരുഷ അധ്യാപകൻ ആർഎൽവി രാമകൃഷ്ണനല്ല, മുമ്പും ഭരതനാട്യ അധ്യാപകർ ഉണ്ടായിട്ടുണ്ട്ഈ പ്രചാരണങ്ങളെ ആർഎൽവി രാമകൃഷ്ണൻ തന്നെ തള്ളിയിരുന്നു.

പ്രശസ്ത നൃത്ത അധ്യാപകൻ ആർഎൽവി രാമകൃഷ്ണനെ കഴിഞ്ഞ ദിവസമാണ് കലാമണ്ഡലത്തിൽ ഭരതനാട്യ അധ്യാപകനായി നിയമിച്ചത്. അടുത്ത അധ്യായന വർഷത്തിൽ ആരംഭിക്കുന്ന ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയവയുടെ പിജി ക്ലാസ് തുടങ്ങുന്ന പശ്ചാത്തലത്തിലായിരുന്നു പുതിയ നിയമനം. എന്നാൽ ആർഎൽവി രാമകൃഷ്ണന്റെ നിയമനത്തിന് പിന്നാലെ ഇത് ചരിത്ര നീക്കമാണെന്നും കലാമണ്ഡലത്തിലെ ആദ്യത്തെ പുരുഷ അധ്യാപകനാണ് ആർഎൽവി രാമകൃഷ്ണനെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ഈ പ്രചാരണങ്ങളെ ആർഎൽവി രാമകൃഷ്ണൻ തന്നെ തള്ളിയിരുന്നു. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ഭരതനാട്യ അധ്യാപകനായി എത്തുന്ന ആദ്യത്തെ പുരുഷൻ ആർഎൽവി രാമകൃഷ്ണൻ അല്ല. 1951-ലാണ് കേരള കലാമണ്ഡലം നൃത്ത വിഭാഗത്തിൽ ഭരതനാട്യം ഉൾപ്പെടുത്തിയത്. 1952 ൽ തന്നെ ഭരതനാട്യത്തിന് ആദ്യത്തെ പുരുഷ അധ്യാപകൻ നിയമിതനായിരുന്നു. കൃഷ്ണൻകുട്ടി വാരിയരുടെ സഹോദരനായ അച്യുത വാരിയരായിരുന്നു ഇത്.

പിന്നീട് 1960 ൽ തഞ്ചാവൂർ ദേശക്കാരനായ എആര്‍ആര്‍ ഭാസ്‌കറിനെ ഭരതനാട്യ അധ്യാപകനായി നിയമിച്ചു. ഈ നിയമനത്തെ കുറിച്ച് കലാമണ്ഡലത്തിലെ മുൻ ജീവനക്കാരിയായ ലീല നമ്പൂതിരി എഴുതിയ ‘കലാമണ്ഡലം ചരിത്രം’ എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്, ‘പ്രസിദ്ധരായ പല ആചാര്യന്മാരുടെയും കീഴിൽ ഭരതനാട്യമഭ്യസിച്ച ഭാസ്‌ക്കർ താൻ പഠിച്ച രീതികളിൽ നിന്നെല്ലാം നല്ല ഭാഗങ്ങൾ തിരഞ്ഞെടുത്ത് ആകർഷണീയവും സുകുമാരവുമായ ഒരു ശൈലിയ്ക്ക് രൂപം കൊടുത്തിരുന്നു. നൃത്തവിഭാഗത്തിന് ഭാസ്‌ക്കറിന്റെ ശൈലി തെളിച്ചവും വെളിച്ചവും വെപ്പിച്ചു. പന്തീരാണ്ടു കാലം കലാമണ്ഡലം നൃത്തവിഭാഗത്തിന്റെ അനിഷേദ്ധ്യ നേതാവും ഭരതനാട്യത്തിൻറെ ആചാര്യനും നൃത്ത സംവിധായകനുമായി ഭാസ്‌ക്കർ സേവനമനുഷ്ഠിച്ചു. ഭരതനാട്യത്തിന് ഭാസ്‌ക്കർ രൂപം നൽകിയ ശൈലിയാണ് കലാമണ്ഡലം ശൈലിയായി അറിയപ്പെട്ടു പോരുന്നത്. ഭാസ്‌ക്കറിന്റെ ശിഷ്യ പ്രശിഷ്യകളായി അതിപ്രശസ്തരായ പലരും നൃത്തരംഗത്തിലുണ്ടായിത്തീർന്നു’

1972 ൽ എആര്‍ആര്‍ ഭാസ്‌കർ കലാമണ്ഡലത്തിൽ നിന്ന് രാജിവെച്ചു. കലാമണ്ഡലത്തിലെ ഈ വിഭാഗത്തിലെ ആദ്യ പുരുഷ പുരുഷ അധ്യാപകാണ് താനെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളി ആർഎല്‍വി രാമകൃഷ്ണന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ നിയമനത്തിന് പിന്നാലെ കലാമണ്ഡലത്തിലെ ആദ്യത്തെ പുരുഷ അധ്യാപകനെന്ന തരത്തിൽ പ്രചാരണമുണ്ടായിതിൽ തന്നെ കുറിച്ച് പലർക്കും തെറ്റിധാരണ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ കലാമണ്ഡലത്തിലെ പൂർവ്വസൂരികളായ ഗുരു എആർആർ ഭാസ്‌ക്കർ, ഗുരു രാജരത്‌നം പിള്ള തുടങ്ങിയ ഗുരുക്കന്മാർ പഠിപ്പിച്ച കളരിയിൽ ഏകദേശം 80 വർഷത്തിനിപ്പുറം ഒരു അധ്യാപകനാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് എന്ന് കൃത്യമായി പറഞ്ഞിട്ടുള്ളതാണെന്നും ആർഎല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.പല മാധ്യമങ്ങളും അത് പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പല പത്രപ്രവർത്തകരും ഈ ഗുരുക്കന്മാരുടെ പേരുകൾ എന്നോട് പ്രത്യേകം ചോദിച്ച് എഴുതി എടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് കരുതുന്നില്ലെന്നുമാണ് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.

മുമ്പ് തന്റെ ഗവേഷണ തീസിസിൽ പൂർവ്വസൂരികളായ പുരുഷ നട്ടുവന്മാരെയും നർത്തകരെയും ഗുരുക്കന്മാരെയും കുറിച്ച് എഴുതിയപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞത് താൻ നേരിൽ കണ്ടതാണെന്നും അങ്ങനെയൊക്കെ ഉണ്ടോ എന്ന് പലരും ചോദ്യശരങ്ങൾ തൊടുത്തിരുന്നെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *