അന്യപുരുഷന്മാരുമായി ഇടകലർന്ന് വ്യായാമം നടത്തുന്നത് മതവിരുദ്ധമെന്ന് സുന്നി കാന്തപുരം വിഭാഗം മുശാവറ. മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് മുശാവറ യോഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അന്യപുരുഷന്മാർക്കൊപ്പം സ്ത്രീകൾ വ്യായാമം ചെയ്യുന്നത് മതവിരുദ്ധമാണ്. കൂടാതെ വിശ്വാസവിരുദ്ധമായ ക്ലാസുകളും ഗാനങ്ങളും സംഘടിപ്പിക്കാനാകില്ലെന്നും ഇക്കാര്യത്തിൽ സുന്നി വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
മലബാറിൽ പ്രവർത്തിക്കുന്ന മെക് 7 വ്യായാമ കൂട്ടായ്മയ്‌ക്കെതിരെ നേരത്തെ സമസ്ത എ പി വിഭാഗം രംഗത്തെത്തിയിരുന്നു. ഈ വ്യായാമ കൂട്ടായ്മയ്ക്ക് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ അതിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സമസ്ത എ പി വിഭാഗം നേതാവ് മുമ്പ് പറഞ്ഞിരുന്നു.