പുൽപ്പളളി:ഒടുവിൽ കടുവ കൂട്ടിലായി.പുൽപ്പളളിയിൽ തൂപ്രയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി കടുവ കൂട്ടിലായത്.. പത്ത് ദിവസത്തെ തെരച്ചലിനൊടുവിലാണ് കടുവ കൂട്ടിൽ അകപ്പെട്ടത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കടുവ കൂട്ടിലാകുന്നത്.വനം വകുപ്പ് സ്ഥാപിച്ച ആട്ടിൻ കൂട് മാതൃകയിലാണ് കൂട് സ്ഥാപിച്ചത്. ഇടത് കൈയിൽ ഒരു മുറിവുണ്ട്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. കടുവ ആകെ ക്ഷീണിതനാണ്. വനം വിട്ടിറങ്ങിയ കടുവ പുൽപ്പളളി അമരക്കുനി ഭാഗങ്ങളിലെ കാപ്പിത്തോട്ടങ്ങളിലാണ് ഇതേവരെ കഴിഞ്ഞത്.ഇതിനകം അഞ്ച് ആടുകളെ കടുവ വക വരുത്തി. കടുവയെ പിടികൂടാതെ വന്നപ്പോൾ വനം വകുപ്പിനെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് ഉയർന്ന് വന്നത്. ഡി.എഫ്.ഒ അജിത് കെ രാമന്റെയും വനം വകുപ്പിന്റെ സീനിയർ വെറ്റനറി സർജൻ ഡോ: അരുൺ സക്കറിയയുടെയും നേതൃത്വത്തിൽ ആർ.ആർ.ടി സംഘം ഊണും ഉറക്കവും ഉപേക്ഷിച്ച് കടുവക്കായി രംഗത്തുണ്ടായിരുന്നു. വനം വകുപ്പ് കണ്ട ഏറ്റവും വലിയ ഓപ്പറേഷനാണ് കടുവക്കായി നടത്തിയിരുന്നത്. കുങ്കി ആനകളും തെർമൻ സ്കാനറുകളും ഇതിനായി ഉപയോഗിച്ചു.