ചേന്ദമംഗലം കൂട്ടക്കൊലപാതകത്തില്‍ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
കൊലപാതക സമയത്ത് പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. റിതു ആദ്യം വിനീഷയെയാണ് അക്രമിച്ചത്. ഇതിനു പിന്നാലെ വേണുവിനെയും ഉഷയെയും അക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചതെന്നും പൊലീസ് പറഞ്ഞു.
നിലവില്‍ ജിതിന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായിട്ടുണ്ട്. ബന്ധു വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം അഞ്ച് മണിക്ക് മുരിക്കും പാടം ശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാരം.
അതേസമയം കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. മുനമ്ബം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ 17 അംഗം സംഘം കേസ് അന്വേഷിക്കും. 12 പേര്‍ ഉണ്ടായിരുന്ന ടീമില്‍ പുതുതായി അഞ്ചുപേരെ കൂടി നിയോഗിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്ബ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തൊട്ടുപിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. റിതുവിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് വെളിപ്പെടുത്തിയിരുന്നു.