ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ മോശം സേവനത്തെ വിമർശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര.
സ്വിഗ്ഗി വഴി വിലകൂടിയ ഐസ്ക്രീം ഓർഡർ ചെയ്തുവെന്നും എന്നാല്‍ ആകെ അലിഞ്ഞുപോയ നിലയില്‍ കഴിക്കാനാകാത്ത സ്ഥിതിയിലാണ് ഐസ്ക്രീം തനിക്ക് ലഭിച്ചതെന്നും മഹുവ എക്സില്‍ കുറിച്ചു.
ക്ഷമിക്കണം സ്വിഗ്ഗി, നിങ്ങള്‍ ഒരുപാട് മെച്ചപ്പെടാനുണ്ട്. ഞാൻ സ്വിഗ്ഗി വഴി വലിയ വിലകൊടുത്ത് മൈനസ് തേർട്ടിയുടെ മിനി സ്റ്റിക് ഐസ്ക്രീം വാങ്ങുകയുണ്ടായി. എന്നാല്‍ അത് അലിഞ്ഞ് കഴിക്കാനാകാത്ത സ്ഥിതിയിലാണ് എനിക്ക് ലഭിച്ചത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒന്നുകില്‍ എനിക്ക് പണം തിരികെ തരിക. അല്ലെങ്കില്‍ മറ്റൊരു ഐസ്ക്രീം തരിക. മഹുവ എക്സില്‍ വ്യക്തമാക്കി. മഹുവയുടെ പോസ്റ്റിന് സ്വിഗി മറുപടി നല്‍കിയിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും ഉടൻ പരിഹാരം കാണാമെന്നും സ്വിഗ്ഗി വ്യക്തമാക്കി.ഇതിനിടെ ആപ്പില്‍ തന്നെ പരിഹരിക്കേണ്ട വിഷയത്തിന് ഇത്തരത്തിലൊരു പോസ്റ്റിടേണ്ട ആവശ്യമുണ്ടോയെന്ന് ചിലർ ചോദിക്കുന്നുണ്ട്. അതിനും മഹുവ മറുപടി നല്‍കി. അവിടെ പ്രശ്നം പരിഹരിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടേണ്ടി വന്നതെന്ന് മഹുവ പറഞ്ഞു. നിങ്ങളൊരും എംപിയല്ലേ, ഇത്തരമൊരു പോസ്റ്റിൻ്റെ ആവശ്യമുണ്ടോയെന്നും വിമർശനമുയർന്നു. എംപിയാണ് എന്ന് കരുതി ഓണ്‍ലൈൻ വഴി ഫുഡ് ഓഡർ ചെയ്യുന്ന ഏതൊരു സാധാരണ വ്യക്തിയെ പോലെ തന്നെയാണ് താനെന്ന് മഹുവ പറഞ്ഞു. ജനപ്രതിനിധികള്‍ സാധാരണ മനുഷ്യരല്ലെന്ന ചിന്താഗതി മാറ്റണം, നിങ്ങള്‍ തന്നെയാണ് നേതാക്കന്മാരെ പോലെ പെരുമാറുന്നു എന്ന് പരാതി പറയുന്നതെന്നും മഹുവ പറഞ്ഞു.