മുഖ്യമന്ത്രിക്കസേരയില്‍ സിദ്ധരാമയ്യ ഉറച്ചതോടെ ഉപമുഖ്യമന്ത്രിസ്ഥാനവും പി സിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറിനെ ഒതുക്കാനുള്ള സമർത്ഥമായ നീക്കം പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി ആരംഭിച്ചു.പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് ശിവകുമാറിനെ നീക്കിക്കിട്ടാനുള്ള ശ്രമമാണ് സതീഷ് ജാർക്കിഹോളി ആരംഭിച്ചിട്ടുള്ളത്. ഒരുപക്ഷെ അതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരോക്ഷ പിന്തുണയുണ്ടാകാമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ആരായാലും രണ്ടു സുപ്രധാനപദവികള്‍ ഒരാള്‍ വഹിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം കർണാടകത്തിലെ കോണ്‍ഗ്രസ്സിനകത്ത് പൊതുവെയുണ്ട്. ഒരാള്‍ രണ്ട് പദവികള്‍ വഹിക്കുന്നത് ഹൈക്കമാണ്ട് നയത്തിന് വിരുദ്ധവുമാണ്.2023ലെ പ്രത്യേക സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രിപദം സ്വീകരിക്കുന്നതോടൊപ്പം ലോകസഭാതെരഞ്ഞെടുപ്പ് വരെ പിസിസി അധ്യക്ഷസ്ഥാനത്ത് തുടരാനും ശിവകുമാറിനെ ഹൈക്കമാണ്ട് അനുവദിച്ചിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും ശിവകുമാർ അധ്യക്ഷസ്ഥാനത്ത് തുടർന്നു. മുഖ്യമന്ത്രിയാവുക എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഈ ടേമില്‍ സാക്ഷാല്‍ക്കരിക്കാനുള്ള സാധ്യത വിരളമാണ്. സിദ്ധരാമയ്യയെ അതിശക്തമായി പിന്തുണക്കുന്ന സതീഷ് ജാർക്കിഹോളിയെ പോലുള്ളവർ നേതൃത്വം കൊടുക്കുന്ന അഹിന്ദ ലോബി അതനുവദിക്കുകയുമില്ല.ജാതി സെൻസസ് റിപ്പോർട്ട് സിദ്ധരാമയ്യ പൊടി തട്ടിയെടുക്കുന്നുമുണ്ട്. ചിലപ്പോള്‍ അടുത്ത ആഴ്ചയിലെ മന്ത്രിസഭായോഗത്തില്‍ പലരുടെയും ഉറക്കം കെടുത്തുന്ന ആ റിപ്പോർട്ട് പരിഗണനയ്ക്ക് വന്നേക്കാം. “പാർട്ടിക്ക് ഒരു ഫുള്‍ടൈം അധ്യക്ഷൻ വേണം. ഡി കെ ശിവകുമാറിന്റെ കാലയളവിനെ കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്.ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ശിവകുമാറിനെ മാറ്റുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രേഖാമൂലം ഉറപ്പുനല്‍കിയതാണ്. അത് പാലിക്കപ്പെടണം” സതീഷ് ജാർക്കിഹോളി ആവശ്യപ്പെട്ടു. ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയുക മാത്രമല്ല അദ്ദേഹം ബെളഗാവി രാഷ്ട്രീയത്തില്‍ കൈകടത്തുന്നത്അവസാനിപ്പിക്കുക എന്നതും ജാർക്കിഹോളിയുടെ പ്രധാന ലക്ഷ്യമാണ്. മുപ്പതിലേറെ എം എല്‍എമാരുടെ പിന്തുണയോടൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആശീർവാദവും ഈ നേതാവിനുണ്ട്.മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പിസിസി അധ്യക്ഷനാകാൻ അദ്ദേഹം ഒരുക്കമാണ്. നിയമസഭാകക്ഷി യോഗത്തില്‍ നിരീക്ഷകനായെത്തിയ രണ്‍ദീപ് സുർജെവാലയെ അക്കാര്യം അറിയിച്ചിട്ടുമുണ്ട്. സതീഷ് ജാർക്കിഹോളി അധ്യക്ഷനാകണമെന്ന് ഏതാനും എം എല്‍ എമാർ ആവശ്യപ്പെടുന്നുണ്ട്. ഒരു നേതാവ് ഒരു പദവി എന്ന നയം കർണാടകത്തിലും നടപ്പിലാക്കണമെന്ന അഭിപ്രായം എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്ക്കും ഉണ്ടെന്നാണ് സൂചന. ജാർക്കിഹോളി തുനിഞ്ഞിറങ്ങിയിട്ടുണ്ടെങ്കിലും കരുത്തനായ ശിവകുമാറിനെ ഒതുക്കുക എളുപ്പമല്ല. എന്നിരുന്നാലും പാർട്ടി ശക്തിപ്പെടുത്താനായുള്ള അഴിച്ചുപണി ഹൈക്കമാണ്ടില്‍ നിന്ന് വൈകാതെ ഉണ്ടായേക്കും