ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. 12 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി സേന അറിയിച്ചു.
ബിജാപൂർ-സുക്മ ജില്ലാതിർത്തിയിലായിരുന്നു സംഭവം. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് നടപടി. രാവിലെ ഒമ്പത് മണി മുതൽ സൗത്ത് ബിജാപൂരിലെ വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. വൈകിട്ട് വരെ തുടർന്ന സംഘർഷത്തിനൊടുവിൽ 12 പേരുടെ മരണം സ്ഥിരീകരിച്ചു.
ഛത്തീസ്ഗഡിലെ മൂന്ന് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് സംഘം, കോബ്രയുടെ അഞ്ച് ബറ്റാലിയനുകൾ, സിആർപിഎഫിന്റെ 229-ാം ബറ്റാലിയൻ തുടങ്ങിയ സുരക്ഷാസേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് വേട്ട. സംഭവത്തിൽ ജവാന്മാർക്ക് പരിക്കേറ്റിട്ടില്ല.
12 നക്സലുകളുടെ കൊല്ലപ്പെട്ടതോടെ ഈ മാസം ഇതുവരെ വധിക്കപ്പെട്ട നക്സലുകളുടെ എണ്ണം 26 ആയി. ജനുവരി 12ന് ബിജാപൂരിൽ നടന്ന ഓപ്പറേഷനിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ത്രീകൾ അടക്കമുള്ളവരാണ് വധിക്കപ്പെട്ടത്.
ജനുവരി ആറിന് സൈനിക വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. ഐഇഡി ആക്രമണത്തിൽ എട്ട് ഡിആർജി ഉദ്യോഗസ്ഥർ വീരമത്യു വരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നക്സൽ വിരുദ്ധ ഓപ്പറേഷൻ സുരക്ഷാസേന വീണ്ടും കടുപ്പിച്ചത്.