ന്യൂഡൽഹി;
ആരാധനാലയ നിയമം മത സ്വാതന്ത്ര്യം ലംഘിക്കുന്നില്ല എന്നും ഹര്‍ജിയിലുണ്ട്.
ആരാധനാലയ നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്താണ് കോണ്‍ഗ്രസിന്റെ ഹര്‍ജി. മത സൗഹാര്‍ദ്ദത്തിന് ആരാധനാലയ നിയമം അനിവാര്യമെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ പറയുന്നു. ആരാധനാലയ നിയമം മത സ്വാതന്ത്ര്യം ലംഘിക്കുന്നില്ല എന്നും ഹര്‍ജിയിലുണ്ട്.
നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനസാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഉള്‍പ്പെടെ ആറ് പേര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ഇടപെടല്‍ ഹര്‍ജി പ്രധാന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 17നാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി വാരാണസിയിലെ ഗ്യാന്‍വാപി, ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഈദ് ഗൗഹ്, ചന്ദൗസിയിലെ ഷാഹി ജമാ മസ്ജിദ് തുടങ്ങി വിവിധ മസ്ജിദുകളില്‍ അവകാശവാദമുന്നയിച്ചുള്ള ഹര്‍ജികളില്‍ ഒരു തരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ചു പുതിയ ഹര്‍ജികളില്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടഞ്ഞു.
2020ല്‍ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് നിയമം സംബന്ധിച്ച് ആദ്യം ഹര്‍ജി നല്‍കിയത്. ശേഷം കൂടുതല്‍ ഹര്‍ജികള്‍ കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടു.സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ, ആ തല്‍സ്ഥിതി തുടരണം എന്ന വ്യവസ്ഥ അടക്കമുള്ളവയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.