തൃശ്ശൂർ: കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആർ.എല്‍.വി. രാമകൃഷ്ണൻ. ഭരതനാട്യം വിഭാഗം അസി.പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
“വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആർ.ആർ. ഭാസ്കർ, രാജരത്നം മാസ്റ്റർ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവർക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത്,” ആർ.എല്‍.വി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
1996-മുതല്‍ തൃപ്പൂണിത്തുറ ആർ.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആർ.എല്‍.വി. രാമകൃഷ്ണൻ നാല് വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെർഫോമിങ്ങ് ആർട്സില്‍ എംഫില്‍ ടോപ്പ് സ്കോറർ ആയിരുന്ന രാമകൃഷ്ണൻ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂർത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.
ദൂരദർശൻ കേന്ദ്രം എ ഗ്രേഡഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും ആർ.എല്‍.വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം അനുഷ്ഠിച്ചു. 2022-24 കാലയളവിലാണ് എംഎ ഭരതനാട്യപഠനം പൂർത്തിയാക്കിയത്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയാണ് ആർ.എല്‍.വി രാമകൃഷ്ണൻ.