ഗാസ:
മാനുഷിക സഹായം വാഗ്ദാനം ചെയ്ത് യുഎഇ; വെടിനിര്‍ത്തലിൽ ലോക രാജ്യങ്ങൾ
മധ്യസ്ഥത വഹിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് സൗദി
ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വിരാമമിട്ട് ഗാസയിൽകഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ആഹ്ളാദത്തോടെയായിരുന്നു ഗാസയിലെ ജനങ്ങള്‍ ഈ വാര്‍ത്തകളെ സ്വീകരിച്ചത്. വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണച്ച് ലോക രാജ്യങ്ങളും രംഗത്തെത്തി.
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിലൂടെ ഗാസയില്‍ പോരാട്ടം അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന് പറഞ്ഞു. ബന്ധികള്‍ക്ക് കുടുംബങ്ങളിലേക്ക് മടങ്ങാനാകുമെന്നും പലസ്തീന് ജനതയ്ക്ക് കരാര്‍ ഏറെ ആശ്വാസമെന്നും ജോ ബൈഡന് വ്യക്തമാക്കി. ഗാസ ഇനി ഭീകരരുടെ സുരക്ഷിത താവളമാകില്ലെന്നായിരുന്നു നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
കരാറിന് പിന്തുണയുമായി ഐക്യരാഷ്ട്രസഭയും രംഗത്തെത്തി. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. രാഷ്ട്രീയ തടസങ്ങള്‍ നീക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സ്ഥിരതയ്ക്കുള്ള ചുവടുവയ്പ്പെന്നാണ് തുര്‍ക്കി വെടിനിര്‍ത്തലിനെ വിശേഷിപ്പിച്ചത്.
ഗാസയിൽ ആഹ്ളാദം; വെടിനിർത്തൽ ഞായറാഴ്ച മുതല്‍, ഇരു വിഭാഗവും കരാര്‍ അംഗീകരിച്ചതായി ഖത്തര്‍
ഗാസ മുനമ്പില്‍ ശാന്തത പാലിക്കാന്‍ ഖത്തര്‍ ആഹ്വാനം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത ഈജിപ്ത് ഗാസയിലേക്ക് വേഗത്തില്‍ കൂടുതല്‍ സഹായമെത്തണമെന്നും വ്യക്തമാക്കി. കരാര്‍ ഒരു പുതിയ തുടക്കമാണെന്ന് റെഡ് ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്പോള്‍ജാറിക് പറഞ്ഞു. സാധാരണക്കാരുടെ ജീവന് സംരക്ഷിക്കുന്നതിന് മുന്‍ഗണന വേണമെന്നും കരാര്‍ സ്വാഗതാര്‍ഹമാണെങ്കിലും അത് അവസാനമല്ലെന്നും റെഡ് ക്രോസ് കൂട്ടിച്ചേര്‍ത്തു.
മാനുഷിക സഹായങ്ങള്‍ തടസ്സമില്ലാതെ വിതരണം ചെയ്യണമെന്ന് യുഎഇയും ആവശ്യപ്പെട്ടു. പാര്‍ശ്വവത്കരിക്കപ്പെടാത്ത ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണിതെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. ഗാസയിലെ രക്തച്ചൊരിച്ചിലിന് കരാറിലൂടെ അന്ത്യമാകുമെന്ന് പറഞ്ഞ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. മധ്യസ്ഥ രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് സൗദിയും രംഗത്തെത്തി. അതേസമയം വെടിനിര്‍ത്തല്‍ ഞായറാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.