500 കോടിയിൽ മധ്യപ്രദേശിൽ രാഷ്ട്രീയ പോര്;

ഭോപ്പാൽ:

ഗതാഗതവകുപ്പ് മുന്‍ ഉദ്യോഗസ്ഥനെ കാണാനില്ല, ഡയറിയിൽ വിവാദം
സൗരഭ് ശര്‍മയെന്ന ഗതാഗതവകുപ്പിലെ കോണ്‍സ്റ്റബിളിൽ നിന്നും 10 കോടി രൂപയും 52 കിലോ സ്വര്‍ണവും ലോകായുക്ത പിടിച്ചെടുത്തിരുന്നു

മധ്യപ്രദേശിലെ കോടിപതിയായ ഗതാഗതവകുപ്പ് മുന്‍ കോണ്‍സ്റ്റബിളിൽ നിന്നും പിടിച്ചെടുത്ത കോടികളിൽ മധ്യപ്രദേശിൽ രാഷ്ട്രീയ പോര് കനക്കുന്നു. സൗരഭ് ശര്‍മയെന്ന ഗതാഗതവകുപ്പിലെ കോണ്‍സ്റ്റബിളിൽ നിന്നും 10 കോടി രൂപയും 52 കിലോ സ്വര്‍ണവും ലോകായുക്ത പിടിച്ചെടുത്തിരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്നാണ് 500 കോടി വിലമതിക്കുന്ന തൊണ്ടിമുതൽ പിടിച്ചെടുത്തത്. ഇതോടെയാണ് മധ്യപ്രദേശിൽ വലിയ രാഷ്ട്രീയപ്പോരിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഭവത്തിൽ മധ്യപ്രദേശിലെ ബിജെപിയും കോൺ​ഗ്രസുമാണ് യുദ്ധമുഖം തുറന്നിരിക്കുന്നത്. മോഹന്‍ യാദവിൻ്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ സംശയ നിഴലിൽ നിർത്തുന്ന അഴിമതി ആരോപണങ്ങളാണ് കോൺ​ഗ്രസ് ഉയര്‍ത്തുന്നത്. മധ്യപ്രദേശിലെ കോൺ​ഗ്രസ് നേതാവ് ജിത്തു പട്‌വാരി നടത്തിയ പത്രസമ്മേളനത്തോടെ വലിയ രാഷ്ട്രീയ കോളിളക്കമാണ് മധ്യപ്രദേശിൽ ഉണ്ടായിരിക്കുന്നത്.

സൗരഭ് ശർമയുടെ സ്ഥാപനത്തിൽ നിന്ന് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നി‍ർണായക വിവരങ്ങളടങ്ങുന്ന ഡയറി ലോകായുക്ത കണ്ടെടുത്തിരുന്നു. ഗതാഗത വകുപ്പിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് ഇതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് ജിത്തു പട്‌വാരി അവകാശപ്പെട്ടു. 66 പേജുള്ള ഡയറിയിൽ ആറ് പേജുകൾ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ബാക്കിയുള്ളവ കാണാനില്ലെന്നും പട്‌വാരി പറഞ്ഞു. ആറ് പേജുകളിലായി സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിൽ നിന്ന് 1300 കോടി രൂപ തട്ടിയെടുത്തതിൻ്റെ രേഖകൾ ഉണ്ട്. ലോകായുക്ത പോലീസും ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും റെയ്ഡുകൾ നടത്തിയെങ്കിലും അന്വേഷണം സ്തംഭിച്ചിരിക്കുകയാണെന്നും, ഈ ആറ് പേജുകളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്നും പട്‌വാരി ആരോപിച്ചു. ഡയറിയിൽ ‘ടിസി’, ‘ടിഎം’ എന്നീ കോഡ് പദങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നും അവ യഥാക്രമം ഗതാഗത കമ്മീഷണറെയും ഗതാഗത മന്ത്രിയെയും പരാമർശിച്ചതാകാമെന്നും പട്‌വാരി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ കമല്‍നാഥിന്റെ കീഴിലുള്ള 15 മാസത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ഈ അഴിമതികളെല്ലാം നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി പട്‌വാരിയുടെ ആരോപണത്തെ പ്രതിരോധിക്കുന്നത്.

2024 ഡിസംബര്‍ 19 ന് ഭോപ്പാലിന്റെ മെന്‍ഡോറി ഗ്രാമത്തിലാണ് കേസിന് ആസ്പദമായ സംഭവം. നമ്പ‍ർ‍പ്ലേറ്റ് ഇളക്കിമാറ്റിയ ഇന്നോവ കാറുകളിൽ നിരവധി ബാ​ഗുകൾ കണ്ടതോടെ അസ്വാഭാവികത തോന്നിയ പ്രദേശവാസി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആദ്യം പോലീസും പിന്നീട് ആദായനികുതി വകുപ്പുമെത്തി. 52 കിലോ സ്വര്‍ണവും 11 കോടി രൂപയുമാണ് കാറില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ഗതാഗത വകുപ്പില്‍ കോണ്‍സ്റ്റബിളായിരുന്ന സൗരഭ് ശര്‍മയെന്ന ആളുടേതാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. 500 മുതല്‍ 700 കോടി വരെ രൂപയുടെ ആസ്തി ഇയാള്‍ക്കുണ്ടെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍.

മുന്‍ ആര്‍ടിഒ കോണ്‍സ്റ്റബിള്‍ ആയ സൗരഭ് ശര്‍മ ചെക്ക്‌പോസ്റ്റില്‍നിന്നും മറ്റുമാണ് ഇത്രയും തുകയുടെ ആസ്തി അനധികൃതമായി സമ്പാദിച്ചത്. ഭാര്യയുടെയും അമ്മയുടെയും പേരിലുള്ള നിരവധി ബിസിനസ്സ് സംരംഭങ്ങളിലേക്കും വസ്തുക്കള്‍ വാങ്ങിയുമാണ് ഇയാള്‍ ഈ പണം നിക്ഷേപിച്ചിരുന്നത്. മകന്റെ പേരിലും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് സൗരഭ് ശര്‍മ്മയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചത്. 15 വര്‍ഷത്തോളം സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ച ശര്‍മ്മ 2023 ഡിസംബറില്‍ സ്വമേധയാ വിരമിക്കുകയായിരുന്നു. ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന ദുബായിലെ വില്ല, മധ്യപ്രദേശിലെ മത്സ്യ ഫാമുകള്‍, വസ്തുവകകള്‍, ഭോപ്പാലിലെ വെയര്‍ഹൗസ് തുടങ്ങിയ ശര്‍മയുടെ സമ്പാദ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണങ്ങള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *