പുതിയവാഹനം വാങ്ങിയാലും സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിയാലും സ്വന്തം പേരിലാക്കി രജിസ്റ്റർ ചെയ്ത് (ആർ.സി. ബുക്ക്) കിട്ടണമെങ്കിൽ ഇപ്പോൾ മാസങ്ങളുടെ കാത്തിരിപ്പുവേണം. ആർ.സി. ബുക്ക് കിട്ടാനുള്ള കാല താമസം വാഹന വിപണിയെ ആകെ മന്ദഗതിയിലാക്കുകയാണ്. വാഹനങ്ങൾ കൈമാറ്റം ചെയ്യാനോ വാഹനം ഈടായിവെച്ച് വായ്പയെടുക്കാനോപോലും സാധിക്കാതെ വലയുകയാണ് സംസ്ഥാനത്തെ വാഹന ഡീലർമാരും ഉപഭോക്താക്കളുമെല്ലാം.
ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനാണ് (ഐ.ടി.ഐ.) ആർ.സി. ബുക്ക് അച്ചടിക്ക് കരാർ നൽകിയിരിക്കുന്നത്. എന്നാൽ, ഏജൻസിക്ക് സർക്കാർ നൽകാനുള്ള തുകയിൽ വലിയ കുടിശ്ശിക വന്നതോടെയാണ് അച്ചടി പ്രതിസന്ധിയിലായത്. അച്ചടിമുടക്കം പതിവായതോടെ ആർ.സി. ബുക്കുകൾ കൈയിൽക്കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പുമായി. ഇപ്പോൾ ആറുമുതൽ എട്ടുമാസംവരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ (കെ.എസ്.യു.വി.ഡി.അൻഡ് ബി.എ.) വയനാട് ജില്ലാ സെക്രട്ടറി എൻ.എ. ജയൻ പറഞ്ഞു.
സംസ്ഥാനത്ത് ഉടനീളമായി ആറു ലക്ഷത്തിൽപരം ആർ.സി. ബുക്കുകൾ അച്ചടിക്കാതെ കെട്ടിക്കിടക്കുന്നതായാണ് സംഘടനയുടെ കണക്കുകളിലുള്ളത്.
വാഹനം വിൽപ്പന നടത്തിയാലും ഒരു മാസത്തിനുള്ളിൽ വെബ്സൈറ്റിൽ രജിസ്ട്രേഷൻ കാണിക്കുമെങ്കിലും വായ്പ, ഇൻഷുറൻസ് ട്രാൻസ്ഫർ തുടങ്ങിയവയ്ക്ക് അച്ചടിച്ച ആർ.സി. ബുക്ക്തന്നെ വേണം.
സെക്കൻഡ് ഹാൻഡ് ഷോറൂം ഉടമകൾ വായ്പയിലൂടെയും ഓവർഡ്രാഫ്റ്റിലൂടെയുമൊക്കെയായാണ് വാഹനങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്തുന്നത്. ഷോറൂമിലെത്തിച്ച വാഹനങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ വിറ്റുപോയില്ലെങ്കിൽ വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാവുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. ഇപ്പോൾ വാഹനം വിറ്റാലും ആർ.സി. ബുക്ക് യഥാസമയം വാങ്ങിയ ആളുടെ പേരിലേക്ക് മാറ്റിനൽകാൻ ഷോറൂം ഉടമകൾക്ക് സാധിക്കുന്നില്ല. ഇതുകാരണം വിൽപ്പന നന്നായി കുറഞ്ഞുതുടങ്ങിയെന്ന് കച്ചവടക്കാർ പറഞ്ഞു.