കരുതിയിരിക്കണം ‘സമാധി’യിലെ വര്‍ഗീയ മുതലെടുപ്പുകാരെ

അന്ധവിശ്വാസങ്ങള്‍ക്കും ഭ്രാന്തമായ ആത്മീയതയ്ക്കും വലിയ വേരുകളുള്ള ഈ രാജ്യത്ത് ആ നാട്ടുകാരില്‍ പ്രതീക്ഷയുണ്ട്.

തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള ആറാലുംമ്മൂട്ടില്‍ ഗോപന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് ഒരു ദിവസം ഒരു ശവക്കല്ലറ പ്രത്യക്ഷപ്പെടുന്നു. ചുറ്റിലുമുള്ളവര്‍ കാര്യമന്വേഷിച്ചപ്പോള്‍, ഗോപന്‍ സമാധിയായതാണെന്നാണ് മക്കളും ഭാര്യയുമടക്കമുള്ളവര്‍ മറുപടി പറഞ്ഞത്. ഗോപന്‍ എങ്ങിനെ മരിച്ചുവെന്നോ, മരണം ആര് സ്ഥിരീകരിച്ചുവെന്നോ ആര്‍ക്കുമറിയില്ല. എങ്ങനെയാണ് മരണപ്പെട്ടത് എന്ന് ചോദിച്ചപ്പോള്‍ മരിച്ചു എന്ന് പറയാന്‍ പാടില്ല എന്നാണ് കുടുംബം പറയുന്നത്.

ദിവ്യശക്തിയുണ്ടായിരുന്ന ഗോപന്‍ സമാധിയായതാണെന്നും അതില്‍ ഭരണകൂടത്തിനോ പൊലീസിനോ യാതൊരു കാര്യവുമില്ലെന്നും, ഇത് തങ്ങളുടെ വിശ്വാസവുമായി മാത്രം ബന്ധപ്പെട്ട കാര്യമാണെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. ഏതാനും സംഘടനകള്‍ കുടുംബത്തിന് പിന്തുണയുമായി വന്നിട്ടുമുണ്ട്.

ഒരു മരണമാണ് നടന്നിരിക്കുന്നത്. അത് കൊലപാതകമാണോ എന്ന സംശയം വരെ നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. അടിമുടി ദുരൂഹത നിറഞ്ഞ ഈ സംഭവം വളരെ പെട്ടന്ന് തന്നെ ചര്‍ച്ചയായി മാറി. മാധ്യമങ്ങളും ആള്‍ക്കൂട്ടവും സംഭവസ്ഥലത്തെത്തി. കല്ലറ പൊളിച്ച് ശാസ്ത്രീയ പരിശോധന നടത്തി ഗോപന്റെ മരണകാരണം കണ്ടെത്തണമെന്ന് നാട്ടുകാര്‍ തന്നെ ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും ഭ്രാന്തമായ ആത്മീയതയ്ക്കും വലിയ വേരുകളുള്ള ഈ രാജ്യത്ത് ആ നാട്ടുകാരില്‍ പ്രതീക്ഷയുണ്ട്.

എന്നാല്‍, വലിയ വിവാദമായി കത്തിപ്പടര്‍ന്ന നെയ്യാറ്റിന്‍കരയിലെ സമാധി സംഭവം, വളരെയെളുപ്പത്തില്‍ വര്‍ഗീയ മുതലെടുപ്പിലേക്ക് കൂടി മാറുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. ‘ഹിന്ദുസമൂഹത്തെ പച്ചക്ക് വലിച്ചുകീറുകയാണ്, മുസ്ലിം തീവ്രവാദികളാണ് പ്രശ്നങ്ങള്‍ക്കെല്ലാം പിന്നില്‍, ഭരണഘടനയേക്കാള്‍ വലുത് ഹിന്ദു ഐക്യവേദിയുടെ തീരുമാനമാണ്, മുസ്ലിങ്ങള്‍ ക്ഷേത്രത്തില്‍ കയറി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്…’ ഇന്നലെയും ഇന്നുമായി ആറാലുംമ്മൂട്ടില്‍ നിന്നുയര്‍ന്നുകേട്ട പരാമര്‍ശങ്ങളാണിതെല്ലാം.

ഗോപന്റെ കുടുംബവും അവരെ പിന്തുണക്കുന്ന സംഘവും സൃഷ്ടിച്ചെടുക്കുന്ന വര്‍ഗീയ ചേരിതിരിവ് ഈ വിവാദത്തെ മറ്റൊരു ദിശയിലേക്ക് എത്തിച്ചിരിക്കുന്നു. കുടുംബത്തിനൊപ്പം ചേര്‍ന്ന് നിന്ന് ഹിന്ദു ഐക്യ വേദിയും, വൈകുണ്ഠ സ്വാമി ധര്‍മപ്രചാരണ സഭയും ശ്രമിക്കുന്നത് വലിയ രീതിയിലുള്ള വര്‍ഗീയ ധ്രുവീകരണത്തിനാണ്.

ഒരു ഖബര്‍ പോലും ആരും പൊളിക്കാന്‍ ശ്രമിക്കുന്നില്ലല്ലോ പിന്നെയെന്തിനാണ് സമാധി പൊളിക്കുന്നത് എന്നായിരുന്നു സംഘടനകളുടെ ചോദ്യം. മുസ്ലിം തീവ്രവാദികളാണ് സമാധി പൊളിക്കുന്നതിന് പിന്നിലെന്ന് ഗോപന്റെ കുടുംബാംഗങ്ങളും വിളിച്ചു കൂവി. സമാധി പൊളിക്കാന്‍ അനുവദിക്കാതെ കുടുംബം സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുകയും വര്‍ഗീയ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തപ്പോള്‍ അതിനെ പ്രതിരോധിച്ചുകൊണ്ട് നാട്ടുകാരില്‍ ചിലരെത്തുകയായിരുന്നു.

ഇവിടെ ഹിന്ദുവുമില്ല മുസ്ലിമുമില്ല വര്‍ഗീയതയുമില്ല. ഇവിടെ നിയമം നടപ്പിലാക്കുക മാത്രമാണ് നടക്കുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളും സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഇടമാണിത്. ഇത് കേരളമാണ്. വര്‍ഗീയതയെ അംഗീകരിക്കുന്ന ഇടമല്ല. വര്‍ഗീയത തുടച്ച് നീക്കുന്ന ഇടമാണ്. പുരോഗമന സമൂഹമെന്ന് അവകാശപ്പെടുന്ന കേരളീയ സമൂഹത്തിന് ആ നാട്ടുകാരില്‍ നിന്നുയര്‍ന്ന ഈ വാക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചെറുതല്ല.

സമാധിയായെന്ന് അവകാശപ്പെടുന്ന ഗോപന്റെ മരണം ഒരു കൊലപാതകമാണോ എന്ന സംശയങ്ങള്‍ പോലും നിലനില്‍ക്കുന്ന ഘട്ടത്തിലാണ് അശാസ്ത്രീയതയും അന്ധവിശ്വാസവും കൂട്ടുപിടിച്ച് ഒരു കുടുംബവും ഏതാനും സംഘടനകളും നിയമസംവിധാനങ്ങളോട് യുദ്ധം ചെയ്യാനിറങ്ങുന്നതെന്ന് ആലോചിക്കണം.

ഭരണഘടനയേക്കാള്‍ വലുത് ഹിന്ദു ഐക്യവേദിയുടെ തീരുമാനത്തിനാണെന്ന് ഗോപന്റെ കുടുംബം പറയുമ്പോള്‍ അജ്ഞതയേക്കാള്‍ ആ വാക്കുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത് നീതിന്യായ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിക്കുന്ന അശാസ്ത്രീയ അന്ധവിശ്വാസ കല്ലറകള്‍ പൊളിച്ച് ശാസ്ത്രീയക്കൊടികള്‍ കുത്തേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. അച്ഛന്‍ സമാധിയായെന്ന് ഒരു കുടുംബം പറയുമ്പോള്‍ പൊലീസിനെ വിളിക്കൂ എന്ന് പറയുന്ന നാട്ടുകാര്‍ വെറുതയങ്ങുണ്ടായതല്ല. നാരായണഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും പണ്ഡിറ്റ് കറുപ്പനും അടക്കമുള്ള അനേകം പേര്‍ പണിയെടുത്തുണ്ടാക്കിയതാണ് ആ ജനതയെ. അന്ധവിശ്വാസങ്ങളുടെ പേരില്‍ പുകമറ സൃഷ്ടിച്ച് വര്‍ഗീയ ധ്രൂവികരണം നടത്തുന്ന സംഘത്തെ ഒറ്റപ്പെടുത്തേണ്ടത് ഈ നാടിന്റെ തന്നെ ഉത്തരവാദിത്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *