തൃശൂർ: പീച്ചി ഡാമിൻ്റെ ജലസംഭരണിയിൽ വിദ്യാർഥിനികൾ അപകടത്തിൽ പെട്ട സംഭവത്തിലെ മരണം മൂന്നായി. ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തു പറമ്പിൽ ബിനോജ്-ജൂലി ദമ്പതികളുടെ മകൾ എറിൻ (16) ആണ് ഇന്ന് വൈകീട്ട് മരിച്ചത്. മറ്റു രണ്ടു കുട്ടികൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആൻ ഗ്രേസ്, അലീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
നാല് പെൺകുട്ടികളാണ് പീച്ചി ഡാം റിസർവോയറിന്റെ തെക്കേക്കുളം ഭാഗത്ത് വെള്ളത്തിൽ വീണത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. റിസർവോയറിൽ കാൽവഴുതി വീണയാളെ രക്ഷിക്കാൻ ശ്രമിച്ചതോടെയാണ് നാലുപേരും വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകടത്തിൽപ്പെട്ട പീച്ചി സ്വദേശി നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആൻ ഗ്രേസും ഐറിനും അലീനയും. മൂവരും പീച്ചി പള്ളിയിലെ പെരുന്നാൾ കൂടുന്നതിനാണ് പീച്ചിയിലേക്ക് എത്തിയത്. അപകടത്തിൽപ്പെട്ട നാലുപേരും തൃശ്ശൂർ സെയ്ന്റ് ക്ലേയേഴ്സ് സ്കൂളിലെ വിദ്യാർഥിനികളാണ്.