വിജയത്തിന് ശേഷം ദേശീയ പതാകയുമായി ആഘോഷിക്കുന്ന അജിത്തിന്റെ ദൃശ്യങ്ങള്‍ വൈറലാണ്
തമിഴ് നടൻ അജിത്ത് കുമാറിന്റെ റേസിംഗ് ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടി. 991 വിഭാഗത്തിലാണ് അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം. വിജയത്തിന് ശേഷം ദേശീയ പതാകയുമായി ആഘോഷിക്കുന്ന അജിത്തിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. തമിഴിലെ നിരവധി നടന്മാരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുന്നത്.
അജിത്തിന്റെ ഭാര്യ ശാലിനിയും മക്കളായ അനൗഷ്കയും റേസിംഗ് വേദിയില്‍ എത്തിയിരുന്നു. തനിക്ക് പ്രചോദനമായി നിന്നതിന് ശാലിനിക്ക് നന്ദിയും അജിത് പറഞ്ഞു. അടുത്തിടെ കാർ റെയ്സിങ് പരിശീലനത്തിനിടെ അജിത്ത് അപകടത്തില്‍ പെട്ടിരുന്നു. ദുബായ്യില് പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല. ട്രാക്കിൽ വെച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലുള്ള കാര്‍റേസിംഗ് ടീമിന്റെ ഉടമകൂടിയാണ് നടന് അജിത്ത്. ഇന്ത്യൻ നടന്മാരിൽ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി കൂടിയാണ് ഇദ്ദേഹം.
2010ലെ എംആർഎഫ് റേസിങ് സീരീസിൽപങ്കെടുത്ത അജിത് പിന്നീട് ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന നിരവധി റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളും കടന്ന് ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ വരെ പങ്കെടുത്തിട്ടുണ്ട്.