കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ആരോപണം. രാഹുലുമായി ബന്ധപ്പെട്ട് ഫേസ് ബുക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടശേഷമാണ് നടി ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകിയത്.
താൻ ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്ന് ഹണി റോസ് പരാതിയിൽ ആരോപിക്കുന്നു. സൈബര്‍ ഇടത്തിലൂടെ സംഘടിതമായ ആക്രമണം ആണ് രാഹുൽ ഈശ്വര്‍ ആസൂത്രണം ചെയ്യുന്നതെന്നും ഹണി റോസ് പറയുന്നു. വസ്ത്ര സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുവെന്നും വ്യക്തമാക്കിയാണ് രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി ഹണി റോസ് മുന്നോട്ട് പോകുന്നത്. തന്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധം, ഭീഷണി, അശ്ലീല സന്ദേശങ്ങൾ, ദ്വയാർത്ഥ പ്രയോഗം ഇതിനൊക്കെ കാരണം രാഹുൽ ഈശ്വറാണെന്ന് കടുത്ത വിമർശനവും ഹണി ഉന്നയിക്കുന്നു.
ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ ഹണി റോസ് അറിയിച്ചിരുന്നു. രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ലെന്നും ഹണി റോസ് ചൂണ്ടിക്കാണിച്ചിരുന്നു.
ബോബി ചെമ്മണ്ണൂരിനെതിരെ താൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനാണ് രാഹുൽ ഈശ്വർ ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഹണി റോസ് ചൂണ്ടിക്കാണിച്ചിരുന്നു. ജനങ്ങളുടെ പൊതുബോധം തൻ്റെ നേരെ തിരിയണം എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വർ ചെയ്യുന്നതെന്നും ഹണി റോസ് പറഞ്ഞിരുന്നു. ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നുവെന്നായിരുന്നു ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്.