സ്മാർട്ട്‌ഫോണുകൾ മുതൽ ലാപ്‌ടോപ്പുകൾ വരെ : ഐടി ഹാർഡ്‌വെയർ നിർമ്മാണത്തിൽ ഇന്ത്യ മുന്നേറുന്നു

ഇന്ത്യൻ കമ്പനിയായ സിർമ എസ്‌ജിഎസിന്റെ അത്യാധുനിക ലാപ്‌ടോപ്പ് നിർമ്മാണ കേന്ദ്രം ചെന്നൈയിൽ കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു
പിഎൽഐ 2.0 യുടെ 18 മാസത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ, തമിഴ്‌നാട്ടിൽ ആദ്യ യൂണിറ്റ് പ്രവർത്തനക്ഷമമായി; “ഇന്ത്യൻ നിർമ്മിത ” ലാപ്‌ടോപ്പുകൾക്ക് തുടക്കമായി.  ആത്മനിർഭർ ഭാരത് എന്ന ദർശനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇലക്ട്രോണിക് ഘടക മേഖലയുടെ തദ്ദേശീയ വികസനത്തിന് കേന്ദ്ര മന്ത്രി ആഹ്വാനം ചെയ്തു.  കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ പിന്തുണയോടെ, ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ തമിഴ്‌നാട് ഒരു ശക്തി കേന്ദ്രമായി ഉയർന്നുവരുന്നു.₹1.3 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനവും ഇന്ത്യയുടെ കയറ്റുമതിയുടെ 30% ഉം വഹിക്കുന്നു. 
ഇന്ത്യയുടെ ഐടി ഹാർഡ്‌വെയർ വിപ്ലവത്തിന് ഊർജ്ജം നൽകുന്ന പിഎൽഐ 2.0: 10000 കോടി രൂപയുടെ ഉൽപ്പാദനവും 18 മാസത്തിനുള്ളിൽ 3,900 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയ്ക്ക് ഒരു നാഴികക്കല്ലായി, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ചെന്നൈയിൽ സിർമ എസ്ജിഎസ് ടെക്നോളജിയുടെ അത്യാധുനിക ലാപ്ടോപ്പ് അസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു.

മദ്രാസ് എക്സ്പോർട്ട് പ്രോസസ്സിംഗ് മേഖലയിൽ (എംഇപിസെഡ്) സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം , ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ യാത്രയിലെ ഒരു നിർണായക മാറ്റത്തെ അടയാളപ്പെടുത്തുന്നു. മൊബൈൽ ഫോണുകളിൽ നിന്ന് ഐടി ഹാർഡ്‌വെയർ നിർമ്മാണത്തിലേക്ക്, പ്രത്യേകിച്ച് ലാപ്ടോപ്പുകളിലേക്ക് ഇന്ത്യ ആധിപത്യം വ്യാപിപ്പിക്കുന്നു.

‘മെയ്ക്ക് ഇൻ ഇന്ത്യ’യിലെ ഒരു നാഴികക്കല്ല്

പുതിയ നിർമ്മാണ കേന്ദ്രം തുടക്കത്തിൽ പ്രതിവർഷം 100,000 ലാപ്ടോപ്പുകൾ നിർമ്മിക്കും. ഈ കേന്ദ്രത്തിന് അടുത്ത 1-2 വർഷത്തിനുള്ളിൽ ഒരു ദശലക്ഷം യൂണിറ്റുകൾ വരെ നിർമ്മാണ ശേഷിയുണ്ട് . സിർമ എസ്ജിഎസിന് നിലവിൽ ചെന്നൈയിൽ നാല് നിർമ്മാണ യൂണിറ്റുകളുണ്ട്.അതിന്റെ മൂന്നാം യൂണിറ്റാണ് ഇപ്പോൾ ലാപ്ടോപ്പ് നിർമ്മാണം നടത്തുന്നത്

  ” വരുംകാലങ്ങളിൽ ഇലക്ട്രോണിക് ഘടക ആവാസ വ്യവസ്ഥയും വികസിതമാവുന്നതിന് നാം സൂക്ഷ്മതയോടെ പ്രവർത്തിക്കണം. ഇത് ഇന്ത്യയ്ക്ക് ഒരു പ്രധാന വളർച്ചാഗാഥ സൃഷ്ടിക്കും. കൂടാതെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ സ്വാശ്രയത്വം വളർത്തുകയും ആഗോള തലത്തിൽ നമ്മുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ‘ആത്മനിർഭർ ഭാരത്’ എന്ന നമ്മുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുകയും ചെയ്യും.” ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഐടി ഹാർഡ്‌വെയറിനായുള്ള പിഎൽഐ 2.0 പദ്ധതിയുടെ ഭാഗമായ ഈ സംരംഭം, ഉയർന്ന മൂല്യമുള്ള ഇലക്ട്രോണിക്സ് ഉൽ‌പാദനത്തിൽ ഇന്ത്യയുടെ മികച്ച ശേഷി എടുത്തുകാണിക്കുകയും ഐടി ഹാർഡ്‌വെയറിൽ രാജ്യത്തിന്റെ സ്വാശ്രയത്വം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 *നിർമ്മാണ കേന്ദ്രത്തിന്റെ പ്രധാന സവിശേഷതകൾ* 

•ആഗോള പങ്കാളിത്തം: ആഭ്യന്തര, ആഗോള വിപണികളെ തൃപ്തിപ്പെടുത്തുന്ന ഉയർന്ന നിലവാരമുള്ള ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി സിർമ എസ്‌ജി‌എസ് മുൻനിര തായ്‌വാനീസ് സാങ്കേതിക കമ്പനിയായ മൈക്രോ-സ്റ്റാർ ഇന്റർനാഷണലുമായി (എം‌എസ്‌ഐ) പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

•പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു: ഈ സൗകര്യം 2026 സാമ്പത്തിക വർഷത്തോടെ ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ 150-200 പ്രത്യേക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് തമിഴ്‌നാടിന്റെ പ്രാദേശികവും , ഇന്ത്യയുടെ ദേശീയവുമായ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സ്വാധീനം ചെലുത്തും. ഇത് ഒരു തരംഗ പ്രഭാവം ചെലുത്തുമെന്നും, ഈ മേഖലയിലെ ഭാവി തൊഴിൽ ശക്തിയെ രൂപപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

•ലോകോത്തര നിലവാരം : നിർമ്മിക്കുന്ന ലാപ്‌ടോപ്പുകൾ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക, നിർമ്മാണ വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുകയും ചെയ്യും.

ഇന്ത്യയുടെ വളർന്നുവരുന്ന ഇലക്ട്രോണിക്സ് നിർമ്മാണ മേഖല

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖല വൻ വളർച്ച കൈവരിച്ചു. മൊത്തം ഉൽപ്പാദനം 2014-ലെ 2.4 ലക്ഷം കോടി രൂപയിൽ നിന്ന് 2024-ൽ 9.8 ലക്ഷം കോടിരൂപയായി വർദ്ധിച്ചു. മൊബൈൽ നിർമ്മാണം മാത്രം 4.4 ലക്ഷം കോടിരൂപയിലെത്തി. 2024-ൽ 1.5 ലക്ഷം കോടിരൂപയുടെ കയറ്റുമതി രേഖപ്പെടുത്തി. ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ 98% ഇപ്പോൾ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ നിന്നുള്ള നാലാമത്തെ വലിയ കയറ്റുമതി ഇനമായി മാറി.

തമിഴ്നാട്: ഗണ്യമായ സംഭാവന നൽകുന്ന സംസ്ഥാനം

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) വിവിധ പദ്ധതികൾ തമിഴ്‌നാട്ടിലെ 47-ലധികം നിർമ്മാണ യൂണിറ്റുകളെ പിന്തുണയ്ക്കുന്നു. വൻതോതിൽ ഉള്ള ഇലക്ട്രോണിക്സ് നിർമ്മാണത്തിനായുള്ള ഉൽപാദന ബന്ധിത ആനുകൂല്യ (PLI) പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒന്നാണ് തമിഴ്നാട്. PLI 2.0 പ്രകാരം അംഗീകരിക്കപ്പെട്ട 27 യൂണിറ്റുകളിൽ ഏഴെണ്ണം ഇവിടെയാണ്. ഈ സംരംഭത്തിന് കീഴിലുള്ള ആദ്യ യൂണിറ്റ് ഇന്നലെ ഉദ്ഘാടനം ചെയ്തു.

കൂടാതെ, ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്ടറുകളുടെയും നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (SPECS) പോലുള്ള പരിപാടികളിലൂടെ തമിഴ്‌നാടിന് ഗണ്യമായ പിന്തുണ ലഭിച്ചു. നാല് അപേക്ഷകൾക്ക് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ 1,200 കോടി രൂപയുടെ പിന്തുണ ലഭിച്ചു. കൂടാതെ, 15,000 കോടി രൂപ നിക്ഷേപ സാധ്യതയുള്ള മോഡിഫൈഡ് സ്പെഷ്യൽ ഇൻസെന്റീവ് പാക്കേജ് സ്കീം (M-SIPS) 33 അപേക്ഷകൾ ആകർഷിച്ചു. ഇതിന് ഇലക്ട്രോണിക്സ് മന്ത്രാലയത്തിൽ നിന്ന് 1,500 കോടി രൂപയുടെ പിന്തുണ ലഭിച്ചു. ഈ സംരംഭങ്ങളിലൂടെഎല്ലാം തമിഴ്‌നാട്ടിലെ കമ്പനികൾക്ക് ഇന്നുവരെ 1.3 ലക്ഷം കോടിയിലധികം രൂപയുടെ മൊത്തം ഉൽപ്പാദനം കൈവരിക്കാൻ കഴിഞ്ഞു.

ശ്രീപെരുമ്പുത്തൂരിലെ പിള്ളപാക്കം ഗ്രാമത്തിൽ, തമിഴ്നാട് വ്യവസായ വികസന കോർപ്പറേഷൻ (SIPCOT) സ്ഥാപിച്ച ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ(EMC) പ്രവർത്തിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ 210 കോടി രൂപയുടെ പിന്തുണ ഉൾപ്പെടെ 420 കോടിരൂപ പദ്ധതി ചെലവുള്ള ഈ ക്ലസ്റ്റർ 8,700 കോടിരൂപയുടെ നിക്ഷേപം ആകർഷിക്കുകയും 36,300 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയുടെ ഏകദേശം 30% തമിഴ്‌നാടാണ് സംഭാവന ചെയ്യുന്നത്.ഇത് ഈ മേഖലയിലെ സംസ്ഥാനത്തിന്റെ നിർണായക പങ്ക് വ്യക്തമാക്കുന്നു. ശ്രദ്ധേയമായി, ഏറ്റവും പുതിയ “ഇന്ത്യൻ നിർമ്മിത ” ഐഫോൺ 16 പ്രോ തമിഴ്‌നാട്ടിൽ നിർമ്മിച്ചതാണ്.

തമിഴ്‌നാട് സംസ്ഥാനത്തിലെ പദ്ധതി തിരിച്ചുള്ള ഗുണഭോക്താക്കൾ 

ലാപ്‌ടോപ്പ് നിർമ്മാണത്തിൽ ശോഭനമായ ഭാവി 

സിർമ എസ്‌ജി‌എസിന്റെ ലാപ്‌ടോപ്പ് അസംബ്ലി ലൈനിന്റെ ഉദ്ഘാടനം ഇന്ത്യയുടെ ഇലക്ട്രോണിക്സ് യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കും, ലോകോത്തര നിർമ്മാണ ശേഷികൾക്കും ഇത് വഴിയൊരുക്കുന്നു. ഈ നിർമ്മാണ കേന്ദ്രത്തിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുമ്പോൾ, ഐടി ഹാർഡ്‌വെയർ നിർമ്മാണത്തിൽ ഇന്ത്യ ആഗോള നേതൃസ്ഥാനത്തേക്ക് ഉയരാൻ ഒരുങ്ങുകയാണ്.

ഐടി ഹാർഡ്‌വെയറിനുള്ള പിഎൽഐ 2.0 യുടെ തൽസ്ഥിതി 

2023 മെയ് 29 ന് ആരംഭിച്ച ഐടി ഹാർഡ്‌വെയറിനുള്ള ഉൽപാദന ബന്ധിത ആനുകൂല്യം (പിഎൽഐ) 2.0, യോഗ്യതയുള്ള കമ്പനികൾക്ക് 5% കിഴിവ് വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 3,000 കോടി രൂപയുടെ നിക്ഷേപത്തോടെ, പി എൽ ഐ 2.0, 3.5 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനം നടത്തുകയും രാജ്യത്തുടനീളം 47,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി ഇതിനകം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ആകെ 520 കോടി രൂപയുടെ നിക്ഷേപവും ₹10,000 കോടി രൂപയുടെ ഉൽപ്പാദനവും, 3,900 തൊഴിലവസരങ്ങളും സൃഷ്ടിച്ചു (ഡിസംബർ 2024 വരെ).

Leave a Reply

Your email address will not be published. Required fields are marked *