സമൂഹത്തിൽ മതസ്പൃദ്ധയും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിൽ ബിജെപി നേതാവ് പിസി ജോർജ് പ്രസ്താവന നടത്തിയതായി ആരോപിച്ച് വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം കമ്മിറ്റി അംഗം മോഹൻദാസ് തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 2025 ജനുവരി ആറിന് പിസി ജോർജ് ജനം ടിവിയുടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേ സമൂഹത്തിൽ മതസ്പർദ്ധയും സംഘർഷങ്ങളും സൃഷ്ടിച്ച് വിഭാഗീയതയും വിദ്വേഷവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രസ്താവന നടത്തിയെന്നാണ് പരാതി.
വർഗീയ പ്രസ്താവനകൾ രാജ്യത്ത് ജനങ്ങൾക്കിടയിൽ സംഘർഷങ്ങൾക്ക് വഴിവെക്കും എന്നും കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കുമെന്നും മോഹൻദാസ് പറഞ്ഞു. വർഗീയ പരാമർശങ്ങൾക്കെതിരെ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു ബിജെപി നേതാവ് പിസി ജോർജിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡണ്ട് അഡ്വ:സഹീർ കോട്ട് മജീദ് മാടമ്പാട്ടിൽ, അഷ്റഫ് അലി, മുഹമ്മദ് കണ്ണമ്പലം, സലീന അന്നാര, അബ്ദുറഹ്മാൻ ചെമ്പ്ര എന്നിവർ സംസാരിച്ചു.