കൊച്ചി: തനിക്കെതിരെ നിയമനടപടിയ്ക്ക് നീങ്ങുന്ന ഹണി റോസിന് മറുപടിയുമായി രാഹുൽ ഈശ്വർ. താൻ ഒരാൾക്കെതിരെയും അസഭ്യമായ വാക്കുകൾ പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ തനിക്കെതിരെ വിചാരണ കൂടാതെ നടപടികളെടുക്കാനും രാഹുൽ വെല്ലുവിളിച്ചു.
റിപ്പോർട്ടറിലൂടെയായിരുന്നു രാഹുൽ മറുപടി നൽകിയത്. റിപ്പോർട്ടറിനോട് പ്രതികരിച്ചപ്പോഴും ഹണി റോസിന്റെ വസ്ത്രധാരണത്തിനെതിരെ രാഹുൽ രംഗത്തെത്തി.നടിയുടെ വസ്ത്രങ്ങൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നുവെന്ന് പറഞ്ഞ രാഹുൽ വസ്ത്രധാരണ സ്വാതന്ത്ര്യം അതിരുകടക്കരുത് എന്നും ആവശ്യപ്പെട്ടു. തുടർന്ന് ഹണി റോസിനെ വിമർശിക്കാൻ തനിക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും രാഹുൽ പറഞ്ഞു.
നേരത്തെ ഫേസ്ബുക്കിലൂടെയാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങുന്നതായി അറിയിച്ചത്. ബോബി ചെമ്മണ്ണൂരിനെതിരെ താൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനാണ് രാഹുൽ ഈശ്വർ ശ്രമിക്കുന്നതെന്നും ഹണി റോസ് ചൂണ്ടിക്കാണിച്ചു. ജനങ്ങളുടെ പൊതുബോധം തൻ്റെ നേരെ തിരിയണം എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വർ ചെയ്യുന്നതെന്നും ഹണി റോസ് പറയുന്നു. ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നുവെന്നും ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.