മലപ്പുറം: കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമിസ് ബാവാ പാണക്കാട് സന്ദർശനം നടത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു കെസിബിസി പ്രസിഡൻ്റ് പാണക്കാടെത്തിയത്. മുസ്ലിം ലീഗ് നേതാക്കൾ ക്ലീമിസ് ബാവായെ സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡൻ്റ് ചർച്ച നടത്തി.
സമകാലിക രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. യുഡിഎഫിലെ വിഷയങ്ങളും ഇവർ ചർച്ച ചെയ്തു. സാമുദായിക നേതൃത്വങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ നീക്കം നടത്തുന്നതിനിടെയിലാണ് ക്ലീമിസ് ബാവാ പാണക്കാട് എത്തിയിരിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായുള്ള നിർണ്ണായക കൂടിക്കാഴ്ചയെന്നാണ് വിവരം.
ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലി തർക്കം;
നേരത്തെ മുനമ്പം വിഷയത്തിൽ തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതേസമയം കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.
ക്രിസ്മസിനോടനുബന്ധിച്ച് സാദിഖലി തങ്ങൾ ബിഷപ്പ് വർഗീസ് ചക്കാലക്കലിനെയും സന്ദർശിച്ചിരുന്നു. അദ്ദേഹവുമൊത്ത് തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു.