പെൺകുട്ടിയെ 64 പേർ പീഡിപ്പിച്ചെന്ന പരാതിയിൽ എട്ടുപേർ കൂടി അറസ്റ്റിൽ. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്റെ ഫോണിൽ നിന്നാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഈ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമുണ്ടെന്ന് കണ്ടെത്തി. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.നിലവിൽ കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രണ്ട് കൊല്ലമായുള്ള പീഡന വിവരങ്ങളാണ് ശിശുക്ഷേമ സമിതി വഴി പൊലീസിന് ലഭിച്ചത്. 18കാരിയായ പെൺകുട്ടിയുടെ പരാതി സംസ്ഥാന ശിശു സംരക്ഷണ സമിതി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറിയിരുന്നു. പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.സിഡബ്ല്യുസിയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്. 60പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പൊലീസിന് കൈമാറി. കോന്നിയിലും, റാന്നിയിലും തിരുവനന്തപുരം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലുമായി പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്