തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് തിരുവനന്തപുരം സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ്. ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയിതിനാണ് വാറൻ്റ്. നിലവിൽ ഫിറോസ് തുർക്കിയിലാണ്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പൊലിസിന്റെ ക്രിമിനൽവൽക്കരണവും ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പോലിസ് ഫിറോസിനെതിരേ കേസെടുത്തിരുന്നു. ഈ കേസിൽ പിന്നീട് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകുകയായിരുന്നു. ജാമ്യ വ്യവസ്ഥയിൽ വിദേശയാത്രക്ക് അനുമതിയില്ലെന്നിരിക്കെ തുർക്കിയിലേക്ക് പോയതാണ് നിലവിലെ അറസ്റ്റ് വാറന്റിനു കാരണം.
പാസ്പോർട്ടുള്ള പ്രതികൾ കോടതിയിൽ പാസ്പോർട്ട് ഹാജരാക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ് തുടങ്ങിയവരായിരുന്നു നിയമ സഭയിലേക്കുള്ള മാർച്ചിന് നേതൃത നൽകിയത്. പൊതുമുതൽ നശിപ്പിച്ചതിനായിരുന്നു ഇവർക്കെതിരേ പോലിസ് കേസെടുത്തത്.