ജയിൽ ജീവിതം എങ്ങനെയെന്നറിയണം, അന്ന് 500 രൂപ അടച്ച് അഗ്രഹം നിറവേറ്റി; ഇന്നലെ ബോബി എത്തിയത് ‘യഥാർത്ഥ തടവുപുള്ളിയായി’

ജയിൽ ജീവിതം എങ്ങനെയുണ്ടെന്ന് അറിയാനുള്ള ആഗ്രഹവുമായി പതിനഞ്ച് വർഷം മുമ്പ് വ്യവസായി ബോബി ചെമ്മണ്ണൂർ കേരള പൊലീസിനെ സമീപിച്ചിരുന്നു. കുറ്റം ചെയ്യാത്തവർക്ക് ജയിലിൽ കഴിയാനാകില്ലെന്ന് പറഞ്ഞ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ തിരിച്ചയച്ചു.

എന്നാൽ തെലങ്കാനയിൽ ജയിൽ ടൂറിസത്തിന്റെ ‘ഫീൽ ദ ജയിൽ’ എന്ന പദ്ധതിയിലൂടെ ബോബി ചെമ്മണ്ണൂർ ആ അഗ്രഹം സഫലമാക്കി. 500 രൂപ ഫീസടച്ച് 24 മണിക്കൂറാണ് അന്ന് ജയിലിൽ കഴിഞ്ഞത്. തടവുകാരുടേതുപോലത്തെ വസ്ത്രം ധരിച്ച്, അവിടത്തെ ജോലികൾ ചെയ്ത്, അവർക്ക് നൽകുന്ന ഭക്ഷണം കഴിച്ചായിരുന്നു 24 മണിക്കൂർ ബോബി ചെമ്മണ്ണൂർ ജീവിച്ചത്. ഫോൺ ഉപയോഗിക്കാൻ പറ്റില്ലായിരുന്നു.സിനിമാതാരം ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇന്നലെ ‘യഥാർത്ഥ തടവുപുള്ളിയായി’ ബോബി ചെമ്മണ്ണൂർ കാക്കനാട്ടെ ജില്ലാ ജയിലിൽ എത്തി. ജാമ്യം നിഷേധിച്ച ഉത്തരവ് കേട്ടയുടൻ ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ബോബിയുടെ ആരോഗ്യനില ഭദ്രമാണെന്ന് ജനറൽ ആശുപത്രി​യി​ൽ പരിശോധിച്ച് ഉറപ്പി​ച്ച ശേഷമാണ് കാക്കനാട്ടെ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചത്.അന്ന് അകത്ത് കിടക്കാൻ ആഗ്രഹിച്ച ബോബി ചെമ്മണ്ണൂർ, ഇന്ന് പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ്. ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് അഭിഭാഷകരുടെ നീക്കം. ഇന്ന് തന്നെ കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂർ ഇന്നലെ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *