തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. അർബുദരോഗം ബാധിച്ചു ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ആറുപതിറ്റാണ്ടുകാലം മലയാളത്തിന്റെ ഹൃദയരാഗമായിരുന്ന ഗായകനാണ് പി. ജയചന്ദ്രൻ. മലയാള ചലച്ചിത്രഗാന ശാഖയിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ പലതും പുറത്തുവന്നത് അദ്ദേഹത്തിന്റെ ശബ്ദത്തിലായിരുന്നു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും നാലു തവണ സ്വന്തമാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ആദ്യം പുറത്തുവന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ഗാനമാണ്. 1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തെ ഭദ്രാലയത്തിലാണ് ജനനം. സംഗീതജ്ഞനായ രവിവർമ കൊച്ചനിയൻ തമ്പുരാനില്നിന്നാണു സംഗീതജീവിതത്തിനു തുടക്കം കുറിക്കുന്നത്. കഥകളി, മൃദംഗം, ചെണ്ടവായന, ചാക്യാർകൂത്ത് എന്നിവയിൽ തൽപരനായിരുന്ന ജയചന്ദ്രൻ സ്കൂൾതലത്തിൽ തന്നെ ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. ഇരിങ്ങാലക്കുട നാഷനൽ സ്കൂൾ വിദ്യാർഥിയായിരിക്കെ സംഗീതാധ്യാപകനായിരുന്ന കെ.വി രാമനാഥനാണ് ആദ്യ ഗുരു. 1958ലെ യുവജനോത്സവത്തിൽ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം സ്വന്തമാക്കി.1985 ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. പിഎ ബക്കർ സംവിധാനം ചെയ്ത’നാരായണ ഗുരു’ എന്ന സിനിമയിൽ ജി. ദേവരാജൻ സംഗീതം നിർവഹിച്ച ‘ശിവശങ്കരസർവശരണ്യവിഭോ’ എന്ന ഗാനത്തിനായിരുന്നു അവാർഡ്. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ ലഭിച്ചു. 1972ൽ ‘പണിതീരാത്ത വീട്’ എന്ന സിനിമയിലെ ‘സുപ്രഭാതം’ എന്ന ഗാനത്തിനും 1978ൽ ‘ബന്ധനം’ എന്ന സിനിമയിലെ ‘രാഗം ശ്രീരാഗം’ എന്ന ഗാനത്തിനും 1999ൽ ‘നിറ’ത്തിലെ ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഗാനത്തിനും 2004ൽ ‘നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ’ എന്ന ‘തിളക്ക’ത്തിലെ ഗാനത്തിനുമായിരുന്നു പുരസ്കാരം ലഭിച്ചത്. 2015ൽ ‘ജിലേബി’, ‘എന്നും എപ്പോഴും’, ‘എന്നു നിന്റെ മൊയ്തീൻ’ എന്നീ സിനിമകളിലെ യഥാക്രമം ‘ഞാനൊരു മലയാളി’, ‘മലർവാകക്കൊമ്പത്ത്’, ‘ശാരദാംബരം’ എന്നീ ഗാനങ്ങൾക്കുമെല്ലാം മികച്ച ഗായകനായി. 1994ൽ ‘കിഴക്കുശീമയിലേ’ എന്ന ചിത്രത്തിലെ ‘കത്താഴൻ കാട്ടുവഴി’ എന്ന എ.ആർ റഹ്മാൻ ഗാനത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള സിനിമാ പുരസ്കാരം ലഭിച്ചു. 1997ൽ സിനിമാഗാനരംഗത്തെ 30 വർഷത്തെ സംഭാവനയ്ക്ക് തമിഴ്നാട് സർക്കാർ കലാകാരന്മാർക്കു നൽകിവരുന്ന ‘കലൈമാമണി പുരസ്കാരം’ നൽകി ജയചന്ദ്രനെ ആദരിച്ചു.തൃശൂർ സ്വദേശിയായ ലളിതയാണ് ഭാര്യ. ലക്ഷ്മി, ദിനനാഥ് എന്നിവരാണു മക്കൾ.