മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രൻ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്.
1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.

2008 ല്‍ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *