കാളികാവ്: കടലില്‍ച്ചാടി ജീവനൊടുക്കിയെന്ന് വരുത്തി തീർത്ത പോക്സോ കേസ് പ്രതി 2 മാസത്തിന് ശേഷം പിടിയില്‍. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ച മാളിയേക്കല്‍ സ്വദേശി പള്ളാട്ടില്‍ മുഹമ്മദ് നാഫി(24) യെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ആലപ്പുഴയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. രണ്ട് മാസം മുൻപാണ് പ്രതിയെ കാണാതാവുന്നത്. നാഫിയെ കാണാതായതിനെ തുടർന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടർന്നുള്ള അന്വേഷണത്തിലാണ് ബേപ്പൂർ കടപ്പുറത്ത് നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് പോലീസ് കണ്ടെടുത്തത്. തുടർന്ന് ബേപ്പൂർ പോലീസ് തീരദേശ പോലീസിന്റെ സഹായത്തോടെ കടലിലും മറ്റും ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി കടലില്‍ച്ചാടി ആത്മഹത്യചെയ്തു വെന്നു പോലീസിനെ കാണിക്കാനായിരുന്നു ഈ നാടകങ്ങള്‍ ആസൂത്രണം ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിരുന്നില്ല. എറണാകുളത്ത് ജോലി ചെയ്യുന്ന ബ്യൂട്ടി സലൂണിലേക്കെന്ന് പറഞ്ഞാണ് നാഫി വീട്ടില്‍ നിന്ന് ഇറങ്ങിയത്.പ്രതി പെണ്‍സുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. നിലവില്‍ നാഫി പ്രതിയായ പോക്സോ കേസിന്റെ വിചാരണ കോടതിയില്‍ അന്തിമഘട്ടത്തിലാണ്. ഇയാള്‍ ശിക്ഷ കിട്ടുമെന്ന് ഉറപ്പായതോടെ കേസില്‍നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാനാടകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. കാളികാവ് പോലീസ് ഇൻസ്പെക്ടർ വി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. എസ് ഐ. വി ശശിധരൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ പി അബ്ദുല്‍സലീം, വി വ്യതീഷ്, റിയാസ് ചീനി, അരുണ്‍ കുറ്റി പുറത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.