നൃത്തച്ചുവടിന് ഗിന്നസ് റെക്കോര്‍ഡ്; തകര്‍ത്താടി 11,600 നര്‍ത്തകര്‍

കലൂർ ജവാഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ചുവടുവെച്ചത് 11,600 പേർ.

നേരത്തേ ഉണ്ടായിരുന്ന 10,176 നർത്തകരുടെ റെക്കോഡ് തകർത്തായിരുന്നു 11,600 പേരുടെ ഭരതനാട്യം. മൃദംഗനാദം സംഘടിപ്പിച്ച പരിപാടിക്ക് ഗിന്നസ് അധികൃതർ റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ചലച്ചിത്ര-സീരിയല്‍ താരങ്ങളായ ദേവിചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖരും ചുവടുവെയ്ക്കാനെത്തിയിരുന്നു.

കൈതപ്രം ദാമോദരൻ നമ്ബൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരൻ സംഗീതം നല്‍കി പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്. ഏഴു വയസ്സുള്ള കുട്ടികള്‍ മുതലുള്ളവർ മെഗാ പരിപാടിയില്‍ പങ്കെടുത്തു. 10,176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ റെക്കോർഡ്. എട്ടു മിനിറ്റ് നീണ്ട റെക്കോർഡ് ഭരതനാട്യം മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. ഗോകുല്‍ ഗോപകുമാറും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു.

കേരളത്തിനു പുറമേ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും നർത്തകർ ഭരതനാട്യത്തില്‍ പങ്കെടുത്തു. ഹൈബി ഈഡൻ എം.പി., എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ജോയ് ആലുക്കാസ്, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള, കൈതപ്രം ദാമോദരൻ നമ്ബൂതിരി, പ്രകാശ് പട്ടാഭിരാമൻ, സിജോയ് വർഗീസ്, നിഘോഷ് കുമാർ, ഷമീർ അബ്ദുല്‍ റഹീം, മിനി നിഘോഷ്, പൂർണിമ, അനൂപ് എന്നിവർ പങ്കെടുത്തു. കല്യാണ്‍ സില്‍ക്‌സിന്റെ നെയ്ത്തുഗ്രാമങ്ങളില്‍ ഡിസൈൻ ചെയ്ത നീല നിറത്തിലുള്ള ആർട്ട് സില്‍ക്ക് സാരി അണിഞ്ഞാണ് നർത്തകർ ഒന്നിച്ചു ചുവടുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *