മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ചിത്രം എന്ന ടാഗ് ലൈനോടെയെത്തി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ.
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഈ മാസം 20 നാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ നിർമാതാവിന്റെ പരാതിയില്‍ മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ പോലീസ് കേസെടുത്തിരിക്കുകയാണ്.
ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കള്‍ പൊലീസിന് കൈമാറി. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. സിനിമാട്ടോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.