കേരള നദ് വത്തുല്‍ മുജാഹിദിൻ (കെ.എൻ.എം) സംസ്ഥാന വിദ്യാഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മദ്രസാ അധ്യാപക പരിശീലന കോഴ്സിൻ്റെ രണ്ടാം ബാച്ചിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 28 ന് കണ്ണൂർ ചേംബർ ഹാളില്‍ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ശാസ്ത്രീയമായ പരിശീലനം ലഭിച്ച മദ്രസാ അധ്യാപകരെ വാർത്തെടുക്കുന്നതിനായി കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഡിപ്ലോമ ഇൻ മദ്രസാ ടീച്ചർ എഡ്യുക്കേഷൻ കോഴ്സിൻ്റെ ആദ്യ ബാച്ച് കഴിഞ്ഞ സെപ്തംബറില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ആറു സെൻ്ററുകളിലായി 250 പഠിതാക്കളാണ് ആദ്യ ബാച്ചിലുണ്ടായിരുന്നത് .രണ്ടാം ബാച്ചില്‍ 25 കേന്ദ്രങ്ങളില്‍ ആയിരം പഠിതാക്കളുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
ഖുർആൻ,അറബി ഭാഷ, ഇസ്ലാമിക ചരിത്രം, കർമശാസ്ത്രം, അധ്യാപന മന:ശാസ്ത്രം, അധ്യാപന നീതി ശാസ്ത്രം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ബാച്ചിൻ്റെ ഉദ്ഘാടനം രാവിലെ 10 ന് കണ്ണൂർ യൂനിവേഴ്സിറ്റി ഡീൻ ഡോ. നഫീസ ബേബി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തില്‍ നിസാമുദ്ദീൻ, മുനീർ മാസ്റ്റർ, കബീർ കരിയാട്, അഹ്മദ് സദാദ് മദനി എന്നിവർ പങ്കെടുത്തു.