ഹോട്ടലില്‍ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

ഹോട്ടലില്‍ അതിക്രമിച്ചുകയറി ഉടമ ഉള്‍പ്പടെയുള്ളവരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍.

വണ്ടാനം വൃക്ഷവിലാസം തോപ്പില്‍ ഇസഹാക്കിനെയാണ് (22) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടാനം പള്ളിമുക്കിന് സമീപത്തെ ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി 11 ഓടെയാണ് ഇസ്ഹാക്ക് ഉള്‍പ്പെട്ട മൂന്നംഗ സംഘം അതിക്രമിച്ചുകയറുകയും വടിവാള്‍, ഇരുമ്ബ് പൈപ്പ് എന്നിവ കൊണ്ട് ഹോട്ടല്‍ നടത്തിപ്പുകാരായ ദമ്ബതികളോട് ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ഉപകരണങ്ങള്‍ തകർക്കുകയും ചെയ്തത്.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെയും സംഘം അക്രമത്തിന് മുതിർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇസ്ഹാക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *