എസ്കലേറ്റര്‍, പിൻ ഡോര്‍ എന്നിവ ഒഴിവാക്കി; നിരക്കും കുറച്ചു; നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

നവകേരള ബസ് വീണ്ടും നിരത്തിലിറക്കും. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു.

കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സർവീസ് പുനരാരംഭിക്കും. അതേസമയം ബസ്സില്‍ 11 സീറ്റുകള്‍ അധികമായി ഘടിപ്പിച്ചിട്ടുണ്ട്.

ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശൗചാലയം ബസില്‍ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇന്നലെ ബെംഗളൂരു-കോഴിക്കോട് യാത്രയില്‍ 930 രൂപയാണ് ഈടാക്കിയത്.

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ്സാണ് ഇത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിൻറെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുള്ള ബസാണിത്.

മെയ് മാസം 5 മുതലാണ് ബെംഗളൂരു – കോഴിക്കോട് റൂട്ടില്‍ സർവീസ് തുടങ്ങിയത്. പുലര്‍ച്ചെ 4 മണിക്ക് ബെംഗളുരുവിലേക്കും ഉച്ചയ്ക്ക് 2.30തിന് തിരിച്ചുമുള്ള സര്‍വീസുകളില്‍ ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് ബുക്കിങ് കുറയുകയായിരുന്നു. ഉയര്‍ന്ന നിരക്കും സമയ ക്രമീകരണത്തിലെ പ്രശ്നങ്ങളുമാണ് ബുക്കിങ് കുറയുന്നതിന് കാരണമെന്ന് ജീവനക്കാർ വിലയിരുത്തിയിരുന്നു. പിന്നാലെയാണ് രൂപമാറ്റം വരുത്തി വീണ്ടും നിരത്തിലിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *