അഫ്ഗാനിസ്ഥാനില്‍ പാക് ആക്രമണം: 46 മരണം ; തിരിച്ചടിക്കുമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 46 പേർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായി.

ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാന്റെ (ടി.ടി.പി / പാകിസ്ഥാനി താലിബാൻ) അഫ്ഗാനിലെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

പാകിസ്ഥാന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച താലിബാൻ, കാബൂളിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പാക് സർക്കാരോ സൈന്യമോ ആക്രമണത്തില്‍ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച കിഴക്കൻ പക്തിക പ്രവിശ്യയിലെ ബാർമല്‍ ജില്ലയില്‍ പാക് അതിർത്തിക്ക് സമീപം നാലിടങ്ങളിലാണ് യുദ്ധവിമാനങ്ങളും ഡ്രോണുകളുമുപയോഗിച്ച്‌ ആക്രമിച്ചത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും പാകിസ്ഥാനിലെ അഭയാർത്ഥികളാണെന്ന് താലിബാൻ സ്ഥിരീകരിച്ചു.

16 സൈനികർ കൊല്ലപ്പെട്ടു

 ശനിയാഴ്ച പാകിസ്ഥാനിലെ തെക്കൻ വസീറിസ്ഥാനിലുണ്ടായ ടി.ടി.പി ആക്രമണത്തില്‍ 16 സൈനികർ കൊല്ലപ്പെട്ടു

 മാർച്ചില്‍ അഫ്ഗാനിലെ ഭീകര ക്യാമ്ബുകളിലുണ്ടായ ആക്രമണത്തില്‍ അഞ്ച് മരണം

 പാകിസ്ഥാനെ ആക്രമിക്കാൻ ടി.ടി.പി അഫ്ഗാൻ മണ്ണ് ഉപയോഗിക്കുകയാണെന്ന് ആരോപണം

 സുരക്ഷാ കാരണങ്ങള്‍ മുൻനിറുത്തി രേഖകളില്ലാത്ത 5,41,000 അഫ്ഗാൻ അഭയാർത്ഥികളെ 2023ല്‍ പാകിസ്ഥാൻ നാടുകടത്തി.

 8,00,000 പേരെ കൂടി ഉടൻ പുറത്താക്കും

 വളർത്തിയവരെ തിരിച്ചടിച്ചു

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ വളർത്തിയെടുത്ത ഭീകര സംഘങ്ങള്‍ അവർക്കെതിരെ തിരിയുകയാണ്. 2023ല്‍ 640ലേറെ ഭീകരാക്രമണങ്ങളിലായി 970 ലേറെ പേർ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഈവർഷമുണ്ടായ 850ലേറെ ആക്രമണങ്ങളില്‍ 1,080ലേറെ പേർ മരിച്ചു.

ടി.ടി.പി

 പാകിസ്ഥാനില്‍ സമീപകാലത്ത് ഏറ്റവും ആക്രമണങ്ങള്‍ നടത്തിയ ഗ്രൂപ്പ്.

 താലിബാന്റെ ഭാഗമല്ല ഇവർ. എന്നാല്‍ ഇരു സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒരുപോലെ.

‘പാകിസ്ഥാന്റെ ക്രൂരത അന്താരാഷ്ട്ര തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. മറുപടി നല്‍കിയിരിക്കും”.

– താലിബാൻ

Leave a Reply

Your email address will not be published. Required fields are marked *